ഒമാനില്‍ ഇൻസ്റ്റിറ്റ്യൂഷനൽ ഐസോലേഷൻ നിയമത്തിൽ മാറ്റം
താമസത്തിനുള്ള ഹോട്ടലുകളും അപ്പാർട്ട്മെന്‍റുകളും സഹാല പ്ലാറ്റ്ഫോം വഴി ബുക്ക് ചെയ്യണം.
ഒമാനിലെ ഇൻസ്റ്റിറ്റ്യൂഷനൽ ഐസോലേഷൻ നിയമത്തിൽ മാറ്റം വരുന്നു. താമസത്തിനുള്ള ഹോട്ടലുകളും അപ്പാർട്ട്മെന്‍റുകളും സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ പ്രത്യേക ഓൺലൈൻ സംവിധാനമായ സഹാല പ്ലാറ്റ്ഫോം വഴി ബുക്ക് ചെയ്യണമെന്ന് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചു.
ഒമാനിലേക്ക് വരുന്ന യാത്രക്കാരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായുള്ള httpsi/covid19.emushrifom വെബ്സൈറ്റിന്‍റെ ഭാഗമായിട്ടാണ് സഹാല പ്ലാറ്റ്ഫോമും പ്രവര്‍ത്തിക്കുക. മാർച്ച് 29ന് ഉച്ചക്ക് രണ്ട് മണി മുതൽ ഒമാനിലെത്തുന്ന യാത്രക്കാർക്ക് ഈ നിയമം ബാധകമായിരിക്കും. യാത്രക്കാരുടെ കൈവശം സഹാല പ്ലാറ്റ്ഫോം വഴിയുള്ള ഹോട്ടൽ ബുക്കിങ് ഉറപ്പാക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വിമാന കമ്പനികൾക്കും നിർദേശം നൽകിയിട്ടുണ്ട്.
ഇ-മുഷ്രിഫ് വെബ്സൈറ്റിൽ യാത്രക്കാരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്തതിന് ശേഷമാണ് ഹോട്ടൽ ബുക്കിങ്ങിനുള്ള ഓപ്ഷൻ ലഭിക്കുക. ഓരോ ഗവർണറേറ്റുകളിലും സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഹോട്ടലുകളിലും ഹോട്ടൽ അപ്പാർട്ട്മെന്‍റുകളിലുമാണ് ബുക്കിങ് സാധ്യമാവുക.
വിവിധ പ്രതിദിന നിരക്കുകളുടെ ഓപ്ഷനുകളാണ് സഹാലയിൽ നൽകിയിട്ടുള്ളത്. ഓരോന്ന് തെരഞ്ഞെടുക്കുമ്പോഴും ആ നിരക്കിലുള്ള ഹോട്ടലുകളും ലഭ്യമായിട്ടുള്ള സേവനങ്ങളും അതിൽ കാണാനാകും. ഇതിൽ താൽപര്യമുള്ളത് തെരഞ്ഞെടുത്ത ശേഷം തുക ഓൺലൈനിൽ തന്നെ അടക്കണം. സഹാലയിലുള്ള ഹോട്ടലുകളിൽ ഭൂരിപക്ഷവും മസ്കത്ത് ഗവർണറേറ്റിലാണ്.
ഹോട്ടൽ ബുക്കിങ്ങിന് ശേഷമുള്ള ട്രാവലർ രജിസ്ട്രേഷൻ ഫോമിന്‍റെ പ്രിന്‍റൗട്ട് എടുത്ത് കൈവശം വെക്കണമെന്നും സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി വ്യക്തമാക്കി. അതേസമയം, മറ്റ് നിയമങ്ങളിലൊന്നും തന്നെ മാറ്റമില്ല.