ഗള്‍ഫിലുണ്ടൊരു 'സഖാവ്'; ചുവപ്പണിഞ്ഞൊരു ഹോട്ടല്‍
ചുമരു നിറയെ ഇടതു നേതാക്കളാണ് 'സഖാവ്' ഹോട്ടലില്‍. കവിതകളും മുദ്രാവാക്യങ്ങളും ചിത്രങ്ങളുമായി ആകെയൊരു ചുവപ്പുമയം.
അൽഐന്‍ സനയ്യയിൽ ലുലു ഹൈപ്പർ മാർക്കറ്റിന് പുറകില്‍ ചുവപ്പില്‍ മുങ്ങി നില്‍ക്കുന്ന ഒരു സഖാവുണ്ട്. കേരളത്തില്‍ തെരഞ്ഞെടുപ്പടുക്കവെ പ്രവാസലോകത്ത് സജീവമായ ഒരു 'സഖാവ്'. ഇടതുപക്ഷം ഹൃദയപക്ഷമാക്കിയ ഷൊർണൂർ പള്ളം സ്വദേശി സക്കീറിന്‍റെ 'സഖാവ്' ഹോട്ടല്‍.
ചുമരു നിറയെ ഇടതു നേതാക്കളാണ് 'സഖാവ്' ഹോട്ടലില്‍. കവിതകളും മുദ്രാവാക്യങ്ങളും ചിത്രങ്ങളുമായി ആകെയൊരു ചുവപ്പുമയം. ചുവപ്പിനെ വിട്ടൊരു കളിയില്ല ഹോട്ടലുടമ സക്കീറിന്. ഇടതുപക്ഷവും നേതാക്കളും അത്രമാത്രം പ്രിയപ്പെട്ടവരുമാണ്.
പല രാജ്യങ്ങളിൽ നിന്നുളളവർ ഹോട്ടലിലെത്തുമ്പോള്‍ ചുമരിലെ ചിത്രങ്ങൾ കണ്ട് വിസ്മയം കൊള്ളും. അവര്‍ക്ക് കേരളത്തെ കുറിച്ചും ഇടതുപക്ഷത്തെ കുറിച്ചും വിശദീകരിച്ചു കൊടുക്കുക മാത്രമല്ല ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് 'സഖാവ്' വേദിയാവുകയും ചെയ്യും.
നാടൊന്നാകെ തെരഞ്ഞെടുപ്പിൽ നിറഞ്ഞു നിൽക്കെ, പ്രവാസലോകത്തിനു മാത്രം എങ്ങനെ വിട്ടു നിൽക്കാൻ സാധിക്കും എന്നാണ് സക്കീർ ചോദിക്കുന്നത്. ഇടതു സ്ഥാനാര്‍ഥികളെ ഹോട്ടലിലെത്തുന്നവര്‍ക്ക് പരിചയപ്പെടുത്തിയും നിലപാടുകള്‍ രേഖപ്പെടുത്താന്‍ അവസരം നല്‍കിയും സഖാവ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത് ഇതാദ്യമായല്ല.
എതിർ രാഷ്ട്രീയ ചേരിയിലുള്ളവരോടും അല്‍ഐന്‍ സഖാവിന് സ്നേഹം മാത്രമേയുള്ളൂ. എന്നാല്‍, ഇടതുപക്ഷത്തിന്‍റെ തുടര്‍ഭരണമാണ് ആഗ്രഹിക്കുന്നതെന്ന് സഖാവിലെ ജീവനക്കാര്‍ ഉറച്ച സ്വരത്തില്‍ പറയുന്നു.
മുദ്രാവാക്യവും പ്രചാരണവും മാത്രമല്ല, ജീവകാരുണ്യ രംഗത്തും സക്കീര്‍ സജീവമാണ്. കേരളം പ്രളയത്തിൽ അകപ്പെട്ടപ്പോൾ മണ്ണാർക്കാട്ടെ ഒന്നര ഏക്കർ ഭൂമിയാണ് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് സക്കീർ കൈമാറിയത്.