കുവൈത്തില്‍ ഭക്ഷ്യ സുരക്ഷാ ഉറപ്പാക്കും; പുതിയ രാജ്യങ്ങളെ ഉൾപ്പെടുത്തും
ഭക്ഷ്യ സുരക്ഷാ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു.
കുവൈത്തിൽ ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി പ്രാഥമിക വിതരണക്കാരുടെ പട്ടികയിലേക്ക് പുതിയ രാജ്യങ്ങളെ ഉൾപ്പെടുത്താൻ നീക്കം. പട്ടികയിൽ മുമ്പ് ഉൾപ്പെട്ടിട്ടില്ലാത്ത രാജ്യങ്ങളേയും കമ്പനികളേയുമാണ് ചേര്‍ക്കുക.
കുവൈത്തില്‍ ഭക്ഷ്യ സുരക്ഷാ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു. ശീതീകരിച്ച ഇറച്ചി കോഴി, മറ്റ് ഉല്‍പ്പനങ്ങള്‍ എന്നിവയുടെ കാലാവധി 90 ദിവസത്തിന് പകരം 120 ദിവസമായി വർധിപ്പിക്കാന്‍ പദ്ധതിയിടുന്നതായി പ്രാദേശിക പത്രമായ അൽ റായി റിപ്പോർട്ട് ചെയ്തു. ഭക്ഷ്യസുരക്ഷാ മേഖലയിൽ പഴുതില്ലാത്ത നടപടികളാണ് കുവൈത്ത് സ്വീകരിച്ച് വരുന്നത്.
രാജ്യത്ത് ആറുമാസം മുതൽ ഒരു വർഷം വരെ ഉപയോഗിക്കാനുള്ള ഭക്ഷ്യ കരുതൽ ശേഖരമുണ്ട്. കുവൈത്തിലെ 95 ശതമാനം ഭക്ഷ്യ വസ്തുക്കളും ഇറക്കുമതി ചെയ്യുകയാണ്. ഭക്ഷ്യസുരക്ഷ വർധിപ്പിക്കാനും പ്രധാന ഭക്ഷ്യവസ്തുക്കളുടെ മതിയായ ലഭ്യത ഉറപ്പാക്കുന്നതിനുമായി നേരത്തെ മന്ത്രിമാര്‍ ഉള്‍പ്പെടുന്ന സമിതിയും രൂപീകരിച്ചിരുന്നു. ഭക്ഷ്യ സുരക്ഷ സൂചികയിൽ അറബ് ലോകത്ത് കുവൈത്താണ് ഒന്നാമത്.