2025 വനിതാ ആരോഗ്യ സൂചിക: ആഗോളതലത്തിൽ കുവൈത്ത് രണ്ടാമത്
മിഡിൽ ഈസ്റ്റിൽ കുവൈത്തിന് ഒന്നാം സ്ഥാനം


കുവൈത്ത് സിറ്റി: 2025 ലെ ഹോളോജിക് ആഗോള വനിതാ ആരോഗ്യ സൂചികയിൽ കുവൈത്ത് മിഡിൽ ഈസ്റ്റിൽ ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തും. ഗാലപ്പുമായി സഹകരിച്ച് ഹോളോജിക് തയ്യാറാക്കിയ റിപ്പോർട്ടിന്റെ നാലാമത്തെ വാർഷിക പതിപ്പിലാണ് നേട്ടം. 140 ലധികം രാജ്യങ്ങളിലെ സ്ത്രീകളുടെ ആരോഗ്യം വിലയിരുത്തുന്നതിനുള്ള സമഗ്ര സംവിധാനമാണ് സൂചിക.
വനിതാ ആരോഗ്യ സൂചികപ്രകാരം ലോകത്തിലെ മികച്ച പത്ത് രാജ്യങ്ങൾ:
തായ്‌വാൻ, കുവൈത്ത്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, ഫിൻലാൻഡ്, ജർമനി, സിംഗപ്പൂർ, ഡെൻമാർക്ക്, സ്ലൊവാക്യ, ലക്‌സംബർഗ്.
വനിതാ ആരോഗ്യ സൂചികയിലെ ഇതര ഗൾഫ് അറബ് രാജ്യങ്ങളുടെ റാങ്കിംഗ്:
സൗദി അറേബ്യ (13), യുഎഇ (45), സൊമാലിയ (78), ഫലസ്തീൻ (83), ഈജിപ്ത് (94), ടുണീഷ്യ (102), ലിബിയ (105), ജോർദാൻ (115), ലെബനാൻ (118), യെമൻ (120), ഇറാഖ് (123), മൗറിത്താനിയ (128), മൊറോക്കോ (131), കൊമോറോസ് (133).
റാങ്കിംഗിൽ ഏറ്റവും താഴെയുള്ള പത്ത് രാജ്യങ്ങൾ:
ഗാബൺ, കൊമോറോസ്, ഗിനിയ, ബെനിൻ, കോംഗോ, ലൈബീരിയ, സിയറ ലിയോൺ, ചാഡ്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, അഫ്ഗാനിസ്ഥാൻ.
മൊത്തത്തിലുള്ള വിലയിരുത്തലിൽ 67 പോയിന്റുകൾ നേടിയാണ് കുവൈത്ത് ആഗോളതലത്തിൽ രണ്ടാം സ്ഥാനം നേടിയത്. 68 പോയിന്റുകളുമായി തുടർച്ചയായ നാലാം വർഷവും തായ്‌വാനാണ് ഒന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വർഷത്തെ സൂചികയുമായി താരതമ്യപ്പെടുത്തുമ്പോൾ കുവൈത്തിന്റെ സ്‌കോറിൽനിന്ന് ഒരു പോയിന്റ് കുറഞ്ഞെങ്കിലും, ചില മേഖലകളിൽ ശ്രദ്ധേയമായ പുരോഗതി കാണിച്ചു.
അഞ്ച് പ്രധാന ഉപവിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് സൂചിക സ്ത്രീകളുടെ ആരോഗ്യം വിലയിരുത്തുന്നത്: പ്രതിരോധ പരിചരണം, വൈകാരിക ആരോഗ്യം, ആരോഗ്യത്തെയും സുരക്ഷയെയും കുറിച്ചുള്ള കാഴ്ചപ്പാടുകൾ, അടിസ്ഥാന ആവശ്യങ്ങൾ, വ്യക്തിഗത ആരോഗ്യം എന്നിവയാണത്. 142 രാജ്യങ്ങളിലെ 146 പേരാണ് സർവേകളിൽ പങ്കെടുത്തത്.