കുവൈത്തിലെ നിരക്ഷരത നിരക്ക് 2.22 ശതമാനമായി കുറഞ്ഞു
നിലവിൽ കുവൈത്തിൽ ഒരു ലക്ഷത്തിലധികം നിരക്ഷരരുണ്ട്. ഇതിൽ കുവൈത്തികൾ 17,939 പേരും വിദേശികൾ 87,151 പേരുമാണ്


കുവൈത്ത് സിറ്റി: കുവൈത്തിലെ നിരക്ഷരത നിരക്ക് 2.22 ശതമാനമായി കുറഞ്ഞതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിരക്ഷരതാ നിരക്കിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. നിലവിൽ കുവൈത്തിൽ ഒരു ലക്ഷത്തിലധികം നിരക്ഷരരുണ്ട്. ഇതിൽ കുവൈത്തികൾ 17,939 പേരും വിദേശികൾ 87,151 പേരുമാണ്.
കുവൈത്തികളിൽ നിരക്ഷരതാ നിരക്ക് 1.18 ശതമാനമായി കുറഞ്ഞു. സ്വദേശികളിൽ പുരുഷന്മാരുടെ സാക്ഷരത നിരക്ക് 99.83 ശതമാനമായി ഉയർന്നപ്പോൾ, സ്ത്രീകളിൽ 97.84 ശതമാനമാണ്. അതേസമയം, കുവൈത്തി പൗരന്മാരേക്കാൾ ഉയർന്ന നിരക്ഷരതാ നിരക്കാണ് പ്രവാസികളിലുള്ളത്. പ്രവാസി പുരുഷന്മാരിൽ സാക്ഷരത നിരക്ക് 97.49 ശതമാനവും സ്ത്രീകളിൽ 96.91 ശതമാനവുമാണ്.
സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നിരവധി പദ്ധതികൾ നടപ്പാക്കി വരികയാണ്. നിരക്ഷരരെ ലക്ഷ്യം വെച്ച് എല്ലാ പ്രായക്കാർക്കും അനുയോജ്യമായ രീതിയിൽ നിരവധി സാക്ഷരതാ പരിപാടികൾ അധികൃതർ സംഘടിപ്പിക്കുന്നുണ്ട്. നിലവിൽ രാജ്യത്തെ ജനസംഖ്യ 47 ലക്ഷത്തിലധികമാണ്. ഇതിൽ 32 ലക്ഷം പ്രവാസികളും 15 ലക്ഷം കുവൈത്തികളും ഉൾപ്പെടുന്നു.
മുതിർന്നവർക്ക് അനുയോജ്യമായതും തൊഴിൽ വിപണിയിൽ ആവശ്യമായതുമായ ഗുണനിലവാരമുള്ള നിരവധി വിദ്യാഭ്യാസ-പരിശീലന പരിപാടികളാണ് രാജ്യത്ത് നടപ്പാക്കുന്നത്. എന്നാൽ വിദ്യാഭ്യാസം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാൻ, ഡിജിറ്റൽ വിദ്യാഭ്യാസത്തിലും ആജീവനാന്ത പഠന പരിപാടികൾക്കുമായി കൂടുതൽ പദ്ധതികൾ രൂപം നൽകുമെന്നാണ് സൂചനകൾ.