അവശ്യ ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രണത്തില്‍നിന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയം പിന്‍മാറുന്നു
കുവൈത്തില്‍ അവശ്യ ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രണത്തില്‍നിന്ന് വാണിജ്യ മന്ത്രാലയം പിന്‍മാറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആഗോളതലത്തിലെ വിലക്കയറ്റ സാഹചര്യം സംബന്ധിച്ച് വിവിധ കമ്പനി പ്രതിനിധികള്‍ വാണിജ്യ മന്ത്രി ഫഹദ് അല്‍ ശരീആനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി പെരുന്നാള്‍ അവധിക്ക് ശേഷം വില നിയന്ത്രണ നടപടികള്‍ പിന്‍വലിക്കുമെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ ഉല്‍പ്പന്നങ്ങളുടെ പരമാവധി വില്‍പ്പന വില നിശ്ചയിക്കുന്നത് വാണിജ്യ വ്യവസായ മന്ത്രാലയമാണ്. അമിത വില ഈടാക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ അവശ്യഉല്‍പ്പന്നങ്ങളുടെ വിപണി വില വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
എന്നാല്‍ റഷ്യ, യുക്രൈയ്ന്‍ യുദ്ധമുള്‍പ്പെടെയുള്ള ആഗോള സാഹചര്യങ്ങള്‍ ഉല്‍പാദന ചെലവും ചരക്കുനീക്കത്തിന്റെ ചെലവും വര്‍ധിപ്പിച്ചതായാണ് വ്യാപാരമേഖലയിലുള്ളവരുടെ വാദം. ചെലവ് കൂടിയതിന് ആനുപാതികമായി വില ലഭിക്കേണ്ടത് വ്യാപാരികളുടെയും ഉല്‍പാദകരുടെയും നിലനില്‍പിന്റെ പ്രശ്‌നമാണെന്നാണ് കമ്പനി പ്രതിനിധികള്‍ വാണിജ്യ മന്ത്രിയെ അറിയിച്ചത്.
മന്ത്രാലയത്തിന്റെ വിലനിയന്ത്രണത്തിന്റെ ഫലമായി നിലനില്‍പ് പ്രതിസന്ധിയിലാണെന്നും കുവൈത്ത് വിപണിയില്‍ ആവശ്യത്തിന് ഭക്ഷ്യ വിതരണം ഉറപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടി. ഇതേതുടര്‍ന്ന് വില നിയന്ത്രണത്തിന്റെ പ്രത്യാഘാതം വിലയിരുത്താന്‍ മന്ത്രി ഉദ്യോഗസ്ഥരെ ചുമതലപെപ്പടുത്തി. വിലനിയന്ത്രണം പിന്‍വലിക്കുന്നതിനനുകൂലമായി റിപ്പോര്‍ട്ട് ലഭിച്ച പശ്ചാത്തലത്തില്‍ പെരുന്നാള്‍ അവധിക്ക് ശേഷം വില നിയന്ത്രണ നടപടികള്‍ പിന്‍വലിക്കുമെന്നു വാണിജ്യ മന്ത്രാലയ വൃത്തങ്ങള്‍ സൂചന നല്‍കി. നിരവധി ഉല്‍പന്നങ്ങളുടെ വില കുത്തനെ വര്‍ധിക്കാന്‍ ഇത് കാരണമായേക്കും.