പോയവർഷം കുവൈത്തിലെ തൊഴിൽ സാഹചര്യങ്ങളിൽ അനുഗുണമാറ്റങ്ങൾ ഉണ്ടായതായി മനുഷ്യാവകാശ സമിതി
കുവൈത്തിൽ 2021 അവസാന പാദത്തില്‍ തൊഴില്‍ സാഹചര്യങ്ങളില്‍ അനുഗുണമായ മാറ്റങ്ങളുണ്ടായതായി റിപ്പോർട്ട് . കുവൈത്ത് മനുഷ്യാവകാശ സമിതി പുറത്തു വിട്ട ത്രൈമാസ അവലോകന റിപ്പോർട്ടിലാണ് ഇക്കര്യമുള്ളത് . പൊതു ധാര്‍മികത സംരക്ഷിക്കുന്നതിനും മനുഷ്യക്കടത്ത് തടയുന്നതിനും വേണ്ടി പ്രത്യേക വകുപ്പ് സ്ഥാപിച്ചതും, മനുഷ്യക്കടത്ത് സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനായി ഹോട്ട്ലൈൻ ആരംഭിച്ചതും ഇക്കാലയളവിലെ നേട്ടമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2021ലെ അവസാന മൂന്നു മാസങ്ങളിലെ സ്ഥിതിഗതികളെ അടിസ്ഥാനമാക്കിയാണ് കുവൈത്ത് സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ത്രൈമാസ അവലോകന റിപ്പോർട്ട് തയ്യാറാക്കിയത് . രാജ്യത്തെ തൊഴില്‍ സാഹചര്യങ്ങളില്‍ അനുഗുണമായ നിരവധി മാറ്റങ്ങള്‍ ഉണ്ടായതായി വിലയിരുത്തുന്നതാണ് റിപ്പോർട്ട്. ധാര്‍മികതാ സംരക്ഷണത്തിനും മനുഷ്യക്കടത്ത് തടയുന്നതിനും വേണ്ടി പ്രത്യേക വകുപ്പ് സ്ഥാപിച്ചതും, പരാതികള്‍ സ്വീകരിക്കുന്നതിനായി ഹോട്ട്ലൈന്‍ സംവിധാനം അനുവദിച്ചതുമാണ് നേട്ടങ്ങളുടെ പട്ടികയിൽ പ്രധാനം. 60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്തവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കിനൽകില്ലെന്ന തീരുമാനം ഫത്‌വ - നിയമനിര്‍മ്മാണ വകുപ്പ് മരവിപ്പിച്ചതും റിപ്പോർട്ടിൽ അനുഗുണ മാറ്റങ്ങളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയത് .
'സഹേല്‍' ആപ്ലിക്കേഷനിലൂടെ ഇ ഗവേർണിംഗ് സേവനങ്ങൾ എളുപ്പമാക്കിയതും അനതികൃതമായി ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന 20 വ്യാജ ഓഫീസുകള്‍ അടച്ചു പൂട്ടിയതും നേട്ടങ്ങളാണ്. വാണിജ്യ സന്ദർശന വിസയിലുള്ളവർക്കു തൊഴിൽ പെർമിറ്റ് അനുവദിക്കുന്നത് നിർത്തിയതും , ബിരുദമില്ലാത്ത 60 വയസ്സു കഴിഞ്ഞ വിദേശികളുടെ ഭാവി സംബന്ധിച്ച അനിശ്ചിതത്വവും , സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് പ്രതിവര്‍ഷം 50 ദിനാര്‍ വേതന വർധന അനുവദിക്കുന്നതിലുളള വിലക്ക് തുടരുന്നതും, വിമാന വിലക്ക് മൂലം റെസിഡന്‍സി നഷ്ടപ്പെട്ട തൊഴിലാളികളുടെ കാര്യത്തിൽ ഉചിതമായ തീരുമാനങ്ങളൊന്നും കൈകൊണ്ടില്ല എന്നതും കോട്ടങ്ങളായാണ് മനുഷ്യാവകാശസമിതി വിലയിരുത്തിയത്.