ആഡംബര കാറുകൾ വാടകയ്ക്കെടുത്ത് വിറ്റു; കുവൈത്തിൽ മൂന്ന് പ്രവാസികൾ പിടിയിൽ
നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെ കൊണ്ട് കാർ വാടകയ്ക്കെടുപ്പിച്ചാണ് തട്ടിപ്പ്

പ്രതീകാത്മക ചിത്രം

കുവൈത്ത് സിറ്റി: ആഡംബര കാറുകൾ വാടകയ്ക്കെടുത്ത് വിറ്റതിന് മൂന്ന് പ്രവാസികൾ കുവൈത്തിൽ പിടിയിൽ. ആഡംബര വാഹനങ്ങൾ മോഷ്ടിക്കുകയും അവ സ്‌ക്രാപ്പായി വിൽക്കുകയും ചെയ്തവരാണ് ഡിറ്റക്ടീവുകളുടെ പിടിയിലായത്. വിലയേറിയ കാറുകൾ വാടകയ്ക്കെടുത്ത്, വാഹനങ്ങൾ പൊളിച്ച് വിദേശത്തേക്ക് കൊണ്ടുപോകുന്നവർക്ക് വിൽക്കുന്നതാണ് സംഘത്തിന്റെ പ്രവർത്തനം.
സബാഹ് അൽസാലിമിലെ ഡിറ്റക്ടീവുകൾക്ക് രണ്ടാഴ്ച മുമ്പാണ് തട്ടിപ്പിനെ കുറിച്ച് ഒരു സൂചന ലഭിച്ചതെന്ന സുരക്ഷാ സ്രോതസ്സിനെ ഉദ്ധരിച്ച് അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു. സ്ഥിരമായി രാജ്യം വിടാൻ തയ്യാറെടുക്കുന്ന മറ്റൊരു പ്രവാസിയെ ഏകദേശം 14,000 ദിനാർ വിലമതിക്കുന്ന ആഡംബരക്കാർ വാടകയ്ക്കെടുക്കാൻ മൂന്നംഗ തട്ടിപ്പ് സംഘം പ്രേരിപ്പിച്ചതായിട്ടായിരുന്നു വിവരം. സഹകരണത്തിന് പകരം സംഘം പ്രവാസിക്ക് 1,000 ദിനാർ നൽകുകയും അദ്ദേഹത്തിന്റെ വിമാന ടിക്കറ്റിന്റെ ചെലവ് വഹിക്കുകയും ചെയ്തു. വാടകയ്ക്ക് എടുത്ത വാഹനം തട്ടിപ്പ് സംഘം പിന്നീട് മറ്റൊരു കക്ഷിക്ക് വിറ്റതായും ആരോപിക്കപ്പെടുന്നു
അന്വേഷണത്തിന്റെ ഭാഗമായി, ഡിറ്റക്ടീവുകൾ കാർ വാങ്ങാനെത്തിയവരായി നടിക്കുകയും സംഘാംഗങ്ങളുമായി ബന്ധപ്പെടുകയും മോഷ്ടിച്ച വാഹനം വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്യുകയായിരുന്നു. സാൽമിയ പ്രദേശത്ത് നടന്ന കൂടിക്കാഴ്ചയിൽ കാർ 7,000 ദിനാറിന് വിൽക്കാൻ സംഘം സമ്മതിക്കുകയും ചെയ്തു. യഥാർത്ഥ വിലയുടെ പകുതിക്ക് ഇടപാട് നടന്നതിന് തൊട്ടുപിന്നാലെ മൂന്ന് പ്രവാസികളെയും ഒരു പ്രാദേശിക കഫേയിൽനിന്ന് അറസ്റ്റ് ചെയ്തു, ചോദ്യം ചെയ്യലിനായി കൊണ്ടുപോയി. ചോദ്യം ചെയ്യലിൽ പ്രതികൾ അവരുടെ പ്രവർത്തന രീതി വെളിപ്പെടുത്തി. സ്ഥിരമായി രാജ്യം വിടുന്ന പ്രവാസികളെയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് അവർ വിശദീകരിച്ചു. ഈ വ്യക്തികൾ അവരുടെ എക്‌സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, പുറപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തട്ടിപ്പുകാരെ സമീപിക്കും. തുടർന്ന് സംഘം അവരെ കാർ വാടക ഓഫീസുകളിലേക്ക് കൊണ്ടുപോകുകയും പണം നൽകി 10 ദിവസത്തേക്ക് ആഡംബര വാഹനങ്ങൾ വാടകയ്ക്ക് എടുപ്പിക്കുകയും ചെയ്യും. വാഹനങ്ങൾ വാടകയ്ക്ക് എടുത്ത ശേഷം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി ഉടൻ രാജ്യം വിടും. പ്രാദേശികമായി ഉപയോഗിക്കില്ല എന്ന വ്യവസ്ഥയിൽ കാറുകൾ വിൽക്കുന്നത് സംഘത്തെ ഏൽപ്പിക്കുകയും ചെയ്യും. സംഘം വാഹനങ്ങൾ പൊളിച്ച് അവ വീണ്ടും കൂട്ടിച്ചേർക്കുന്നതിനായി രാജ്യത്തിന് പുറത്തേക്ക് കടത്തും.
അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് തങ്ങളുടെ കൈവശമുണ്ടായിരുന്ന വാഹനം രാജ്യം വിട്ടുപോയ ഒരു പ്രവാസിയുടെ പേരിൽ വാടകയ്ക്കെടുത്തതാണെന്ന് സംഘം സമ്മതിച്ചു. പദ്ധതിയുടെ ഭാഗമായി അയാൾക്ക് 1,000 ദിനാർ നൽകുകയും യാത്രാ ചെലവുകൾ വഹിക്കുകയും ചെയ്തതായും അവർ സമ്മതിച്ചു. സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താനും ഓപ്പറേഷനിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളെ തിരിച്ചറിയാനും അധികൃതർ ശ്രമിച്ചു വരികയാണ്. വാടകയ്ക്ക് കൊടുത്തിട്ട് തിരികെ ലഭിക്കാത്ത കാറുകൾ സംബന്ധിച്ച കേസുകൾ പരിശോധിച്ച് സംഘത്തിന്റെ കുറ്റകൃത്യങ്ങളുടെ പൂർണ വ്യാപ്തി കണ്ടെത്താനാണ് അധികൃതർ ശ്രമിക്കുന്നത്.