ആദ്യ ഒമാൻ ക്ലബ്ബ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നാളെ മുതൽ
19 വരെ മസ്‌കത്തിലെ എ.എം.എം അരീനയിലാണ് ചാമ്പ്യൻഷിപ്പ്

പ്രതീകാത്മ ചിത്രം

മസ്‌കത്ത്:ഒമാൻ റാക്കറ്റ് സ്പോർട്സ് കമ്മിറ്റി (ഒആർഎസ്സി) സംഘടിപ്പിക്കുന്ന ഒമാൻ ക്ലബ്ബ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ (പുരുഷന്മാർ) ഉദ്ഘാടന പതിപ്പ് നാളെ മുതൽ. മെയ് 16 മുതൽ 19 വരെ മസ്‌കത്തിലെ എഎംഎം അരീനയിലാണ് ചാമ്പ്യൻഷിപ്പ് നടക്കുക. ഒമാനിലുടനീളമുള്ള അഞ്ച് ഗവർണറേറ്റുകളെ പ്രതിനിധീകരിച്ച് മൊത്തം 12 ക്ലബ്ബുകളിൽ നിന്നുള്ള കളിക്കാർ പങ്കെടുക്കുമെന്ന് ഒആർഎസ്സി പത്രക്കുറിപ്പിലൂടെ അറിയിച്ചു. മസ്‌കത്ത്, നോർത്ത് ബാത്തിന, സൗത്ത് ബാത്തിന, സൗത്ത് ഷർഖിയ, ദോഫാർ എന്നിവിടങ്ങളിലെ താരങ്ങളാണ് എത്തുക.
അൽ അമിറാത്ത്, അൽ കാമിൽ വൽ വാഫി, ബൗഷർ, ഒമാൻ, സീബ്, അൽ ഷബാബ്, സഹം, മജീസ്, സലാല, മസീറ, ഖുറയാത്ത്, ഇബ്രി എന്നിവയാണ് ചാമ്പ്യൻഷിപ്പിൽ പ്രവേശനം ഉറപ്പിച്ച ക്ലബ്ബുകൾ.
സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയത്തിലെ വനിതാ കായിക വകുപ്പുമായി സഹകരിച്ച് 2023 ഒക്ടോബറിൽ വനിതാ കായിക പ്രവർത്തനങ്ങളുടെ ഭാഗമായി പെൺകുട്ടികൾക്കായി ഒആർഎസ്സി ബാഡ്മിന്റൺ ടൂർണമെന്റ്് സംഘടിപ്പിച്ചിരുന്നു.
പുരുഷന്മാർക്കുള്ള ആദ്യ ചാമ്പ്യൻഷിപ്പിൽ മൂന്ന് ഇനങ്ങളാണുണ്ടാകുക. സീനിയർ വിഭാഗത്തിൽ 30 കളിക്കാരുണ്ടാകും. 19 കളിക്കാർ ഡബിൾസ് വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 17 കളിക്കാർ അണ്ടർ 15 കിരീടത്തിനായും മത്സരിക്കും. മൂന്ന് വിഭാഗങ്ങളിലെ മികച്ച നാല് കളിക്കാർക്ക് മെഡലുകൾക്കും ട്രോഫികൾക്കും ഒപ്പം ക്യാഷ് പ്രൈസും ലഭിക്കും.
ഇറാനിൽ നിന്നുള്ള ഇന്റർനാഷണൽ അമ്പയർ സെയ്ദ് ഒമിദ് മൊഗദസ്സാദെയെ ചീഫ് ടൂർണമെന്റ് റഫറിയായെത്തും. അഞ്ച് ഒമാനികളുൾപ്പെടെ എട്ട് അമ്പയർമാർ അദ്ദേഹത്തെ സഹായിക്കും. അസിസ്റ്റന്റ് ടൂർണമെന്റ് അമ്പയറായി ഒമാന്റെ അഹമ്മദ് അൽ മഫറജിയെ തിരഞ്ഞെടുത്തു.
''ക്ലബ്ബുകളിൽ നിന്നുള്ള പ്രതികരണത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഞങ്ങളുടെ ആദ്യ പതിപ്പിൽ 12 ടീമുകളെ ലഭിച്ചു. അത് കളിക്കാരുടെയും ക്ലബ്ബുകളുടെയും കായികരംഗത്തെ താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്നു' ഒആർഎസ്സി ചെയർമാൻ ഡോ. അബ്ദുറഹിം ബിൻ മുസല്ലം അൽ ദ്രൗഷി പറഞ്ഞു.