ഒമാനിൽ പ്രതിവർഷ വരുമാനം 50,000 റിയാലിന് മുകളിലുള്ളവർനിന്ന് 5% ആദായ നികുതി ഈടാക്കുന്നു
കരട് ശിപാർശകൾക്ക് സ്റ്റേറ്റ് കൗൺസിലും മജ്ലിസ് ശൂറയും അംഗീകാരം നൽകി


മസ്‌കത്ത്: ഒമാനിൽ പ്രതിവർഷ വരുമാനം 50,000 റിയാലിന് മുകളിലുള്ളവരിൽനിന്ന് അഞ്ച് ശതമാനം ആദായ നികുതി ഈടാക്കുന്നു. വ്യക്തിഗത ആദായ നികുതി നിയമത്തിന്റെ കരട് ശിപാർശകൾക്ക് സ്റ്റേറ്റ് കൗൺസിലും മജ്ലിസ് ശൂറയും അംഗീകാരം നൽകി.
വ്യക്തിഗത ആദായനികുതിയിൽ ഗ്രാറ്റുവിറ്റിയോ മറ്റ് സേവനാവസാന ആനുകൂല്യങ്ങളോ വരുമാന സ്രോതസ്സുകളായി കണക്കാക്കേണ്ടതില്ലെന്നും ഇരു കൗൺസിലുകളും സമ്മതിച്ചു.
നേരത്തെ പ്രതിവർഷം 30,000 റിയാലിൽ കൂടുതൽ വരുമാനമുള്ള വ്യക്തികൾക്ക് ആദായ നീകുതി ചുമത്താനായിരുന്നു ചർച്ചകൾ നടന്നിരുന്നത്. നിയമം നടപ്പാക്കുന്നത് മാറ്റിവെക്കണമെന്നും ചില അംഗങ്ങൾ നിർദ്ദേശിച്ചു. അതേസമയം, എല്ലാവ്യവസ്ഥകളും പാലിക്കുന്നതുവരെ ആദാനനികുതി നിയമം നടപ്പാക്കുകയില്ലെന്ന് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
ആദായ നികുതിക്ക് പകരം മൂല്യവർധിത നികുതി ഉയർത്താനുള്ള നിർദ്ദേശത്തെയും ഗവൺമെൻറ് തള്ളിയിട്ടുണ്ട്. വാറ്റ് വർധിപ്പിക്കുന്നത് എല്ലാവരെയും ബാധിക്കുന്നതാണെന്നും അതേസമയം, ആദായ നികുതി ജനസംഖ്യയിൽ ഒരു ശതമാനത്തെ മാത്രം ബാധിക്കുകയൊള്ളുവെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു. കോർപ്പറേറ്റ്, സെലക്ടീവ്, മൂല്യവർധിത നികുതികൾ ഉൾപ്പെടെയുള്ളവയിൽ നിന്ന് 2024 ൽ ഏകദേശം 1.4 ബില്യൺ റിയാലാണ് സമാഹരിച്ചത്. വ്യക്തിഗത ആദായ നികുതി നിയമം നടപ്പിലായാൽ ആദായ നികുതി ഏർപ്പെടുത്തുന്ന ആദ്യ ഗൾഫ് രാജ്യമാകും ഒമാൻ.