മസ്കത്തിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകുന്നത് തുടർക്കഥയാകുന്നു
വിമാനം മണിക്കൂറുകൾ വൈകിയത് സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് ദുരിതയാത്രയാണ് സമ്മാനിച്ചത്.
മസ്കത്ത്: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നത് തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം കോഴിക്കോടു നിന്നുള്ള യാത്രക്കാർ മസ്കത്തിലെത്തിയത് രണ്ടര മണിക്കൂർ വൈകിയാണ്. വിമാനം മണിക്കൂറുകൾ വൈകിയത് സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് ദുരിതയാത്രയാണ് സമ്മാനിച്ചത്.
കഴിഞ്ഞദിവസം രാത്രി 11.50ന് പുറപ്പെട്ട് പുലർച്ചെ 1.50ന് മസ്കത്തിൽ എത്തേണ്ട വിമാനം രണ്ടര മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. രാവിലെ അഞ്ച് മണിക്കാണ് യാത്രക്കാർ മസ്കത്തിലെത്തിയത്. സാങ്കേതിക പ്രശ്നമാണ് വിമാനം വൈകാൻ കാരണമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. മണിക്കൂറുകൾ വിമാനത്തിനകത്ത് ഇരുന്നിട്ടും പുറപ്പെടാതിരുന്നതും പുറത്തിറങ്ങാൻ പോലും അനുവദിക്കാഞ്ഞതും യാത്രക്കാരെ ക്ഷുഭിതരാക്കി.
അതിനിടെ ഒരു യാത്രക്കാരി തളർന്ന് വീഴുകയും വീൽചെയറിൽ അടിയന്തര പരിചരണത്തിനായി കൊണ്ടുപോവുകയും ചെയ്തു. ജീവനക്കാർ വളരെ മോശമായാണ് പെരുമാറിയതെന്ന് യാത്രക്കാർ പറഞ്ഞു. ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി.
യാതൊരു മുന്നറിയിപ്പുമില്ലാതെ വിമാനം വൈകുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രവസികളിൽ നിന്നും ഉയരുന്നത്. വിമാനം വൈകുന്നതിനെതിരെ നടപടികൾ സ്വീകരിക്കണമെന്നാണ് പ്രവാസികൾ പറയുന്നത്.