സലാലയിൽ ഐ.ഒ.സി കേരള ചാപ്റ്റർ ഉദ്ഘാടനവും ഓണാഘോഷവും നടന്നു
സലാല: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഒമാൻ (ഐ.ഒ.സി) സലാല കേരള ചാപ്റ്ററിന്റെ പ്രവർത്തന ഉദ്ഘാടനവും വിപുലമായ ഓണാഘോഷവും നടന്നു. ലുബാൻ പാലസിൽ നടന്ന പരിപാടി ഐ.ഒ.സി നാഷണൽ പ്രസിഡന്റ് ഡോ. രത്നകുമാർ ഉത്ഘാടനം ചെയ്തു.
സമകാലിക ഇന്ത്യ കോൺഗ്രസ്സിന്റെ പ്രസക്തി തിരിച്ചറിയ്യുന്നുണ്ടെന്നും ആളുകളെ ഒരുമിപ്പിച്ചു നിർത്താൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് സാധിക്കുമെന്നും രത്നകുമാർ പറഞ്ഞു. ഐ.ഒ.സി സലാല കൺവീനർ ഡോ. നിഷ്താറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മിനിസ്ട്രി ഓഫ് ലേബർ അസി. ഡയരക്ടർ നായിഫ് അഹ്മദ് ഷനഫരി മുഖ്യാതിഥിയായിരിന്നു.
അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ( എ.ഐ.സി.സി) യുടെ കീഴിലുള്ളതാണ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) . മുഴുവൻ കോൺഗ്രസ് പ്രവർത്തകരെയും ഒന്നിപ്പിച്ചു ഒരു കുടകീഴിൽ കൊണ്ടു വരികയാണ് ഐ.ഒ.സി സലാല ചാപ്റ്റർന്റെ പ്രഥമ പരിഗണനയെന്ന് ഡോ.നിഷ്താർ പറഞ്ഞു.
മീഡിയ കൺവീനർ സിയാഉൾ ഹഖ് ലാറി, ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡൻറ് രാകേഷ് കുമാർ ത്സാ, കോൺസുലാർ ഏജന്റ് ഡോ. കെ സനാതനൻ , മലയാള വിഭാഗം കൺവീനർ സി.വി സുദർശൻ, കെ.എം.സി.സി ജനറൽ സെക്രട്ടറി റഷീദ് കൽപ്പറ്റ എന്നിവർ ആശംസകൾ നേർന്നു. വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ നേതാക്കളും പരിപാടിക്ക് ആശംസകൾ അർപ്പിച്ചു.
ജീവ കാരുണ്യ പ്രവർത്തകൻ കെ.എസ്. മുഹമ്മദലിക്ക് ചടങ്ങിൽ മൊമന്റൊ നൽകി ആദരിച്ചു. കോവിഡ് കാലത്ത് സേവനം നടത്തിയവരെയും ആദരിച്ചു. ഐ.ഒ.സി സലാല കോ. കൺവീനർ ഹരികുമാർ ഓച്ചിറ സ്വാഗതവും ട്രഷറർ ഷജിൽ നന്ദി പറഞ്ഞു. .
വിവിധ കാല പരിപാടികളും കായികമത്സരങ്ങളും ഓണ സദ്യയും നടന്നു. അനീഷ്, ശ്യാം മോഹൻ, രാഹുൽ, റിസാൻ, സജീവ് ജോസഫ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ഗോപൻ അയിരൂർ, ബാലചന്ദ്രൻ, നിയാസ്, ഷാജി ഹാഫ, ദീപാ ബെന്നി, സുഹാന മുസ്തഫ തുടങ്ങിയവർ നേത്യത്വം നൽകി.