ഫാമുകളിലെ കാർഷിക മാലിന്യങ്ങൾ കത്തിക്കൽ; കർശന വിലക്കുമായി ഒമാൻ

അന്തരീക്ഷ മലിനീകരണം കുറക്കാനുള്ള മസ്കത്ത് മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങൾക്ക് ഇത്തരം പ്രവൃത്തികൾ തിരിച്ചടിയാകുന്നുണ്ട്.

Update: 2022-08-29 18:28 GMT
Editor : banuisahak | By : Web Desk
Advertising

മസ്‌ക്കത്ത്: ഒമാനിൽ ഫാമുകളിലെ കാർഷിക മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് കർശനമായി വിലക്കി അധികൃതർ രംഗത്ത്. ഇത് ഗുരുതര പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും മണ്ണിന്‍റെ വളക്കൂറിനെ പ്രതികൂലമായി ബാധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

കാർഷിക ആവശ്യങ്ങൾ കഴിഞ്ഞുണ്ടാകുന്ന അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ഏറ്റവും എളുപ്പവും ചെലവ് കുറഞ്ഞതുമായ മാർഗം എന്ന നിലക്കാണ് കർഷകർ അവ കൃഷിയിടത്തിൽ തന്നെ കൂട്ടിയിട്ട് കത്തിക്കുന്നത്. ഇത് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

'കാർഷിക മാലിന്യങ്ങൾ കത്തിക്കുന്നത് പ്രയാസവും ചെലവുമില്ലാത്ത കാര്യമാണ്. പക്ഷേ, അത് മനുഷ്യർക്കും സസ്യങ്ങൾക്കും ജന്തുക്കൾക്കും പ്രകൃതിക്കും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. സുരക്ഷിത പരിസ്ഥിതി എന്ന സർക്കാറിന്‍റെ ലക്ഷ്യത്തിന് തുരങ്കം വെക്കുന്ന പ്രവൃത്തിയാണത്' -മസ്കത്ത് മുനിസിപ്പാലിറ്റിയിലെ പൊതു ശുചിത്വ വിഭാഗം മേധാവി ഫാദിൽ അൽ അമിരി പറഞ്ഞു.

കാർഷിക മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് അൽ അമിറാത്തിലും ബർകയിലും മുനിസിപ്പാലിറ്റി സൗകര്യമൊരുക്കിയിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം കുറക്കാനുള്ള മസ്കത്ത് മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങൾക്ക് ഇത്തരം പ്രവൃത്തികൾ തിരിച്ചടിയാകുന്നുണ്ട്. ഏത് തരത്തിലുള്ള മാലിന്യങ്ങളും പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നതും കത്തിക്കുന്നതും മുനിസിപ്പാലിറ്റിയുടെ നിയമം അനുസരിച്ച് ശിക്ഷാർഹമാണ്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News