ജബൽ അഖ്ദറിൽ ഇനി റോസ് വിളവെടുപ്പിന്റെ കാലം
മെയ് പകുതി വരെ നീണ്ടുനിൽക്കുന്ന സീസൺ ആസ്വദിക്കാനായി വിനോദസഞ്ചാരികളെ ക്ഷണിക്കുകയാണ് ടൂറിസം മന്ത്രാലയം


മസ്കത്ത്: ഒമാനിലെ ജബൽ അഖ്ദറിൽ ഇനി റോസ് വിളവെടുപ്പിന്റെ കാലമാണ്. പരുക്കൻ പർവത പ്രദേശം പിങ്ക് നിറത്തിലേക്ക് മാറുന്ന മനോഹര കാഴ്ചയുടെ ദിവസങ്ങൾ. മെയ് പകുതി വരെ നീണ്ടുനിൽക്കുന്ന സീസൺ ആസ്വദിക്കാനായി വിനോദസഞ്ചാരികളെ ക്ഷണിക്കുകയാണ് ടൂറിസം മന്ത്രാലയം.
എല്ലാ വർഷവും, മാർച്ച് അവസാനം മുതൽ മെയ് പകുതി വരെ നീണ്ടുനിൽക്കുന്നതാണ് റോസ് ഫെസ്റ്റിവൽ സീസൺ. ഏകദേശം 7 മുതൽ 10 ഏക്കർ വരെ വിസ്തൃതിയിൽ 3,000 മീറ്ററിലധികം ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശം 5,000 ത്തിലധികം റോസ് മരങ്ങളാൽ മൂടപ്പെട്ടിട്ടുണ്ട്. അലങ്കാര ഉൽപ്പന്നങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, മധുരപലഹാരങ്ങൾ, ഒമാനി കാപ്പി എന്നിവയുടെ പ്രധാന ഘടകമായ റോസ് വാട്ടർ ഉദ്പാദിപ്പിക്കാനാണ് റോസ് കൃഷി സാധാരണയായി നടത്തുന്നത്. മാത്രമല്ല, വിലായത്തിലെ താമസക്കാർ പറയുന്നതനുസരിച്ച്, നീരെടുത്ത ശേഷമുള്ള റോസാപ്പൂക്കൾ സോപ്പ്, വളം നിർമാണത്തിലും ഉപയോഗിക്കുന്നു. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ജബൽ അഖ്ദറിലെ റോസ് ഉത്പാദനം കഴിഞ്ഞ വർഷം 20 ടണ്ണിലധികം ആയി വർധിച്ചിരുന്നു. 2024 ൽ രണ്ട് ലക്ഷം റിയാലിന്റെ റോസാണ് പ്രദേശത്ത് ഉത്പാദിപ്പിച്ചത്. ഉത്പാദിപ്പിക്കുന്ന റോസ് വാട്ടറിന്റെ അളവ് 28,000 ലിറ്ററാണ്.
ദേശീയ ജിഡിപിയിൽ റോസ് വിളവെടുപ്പിന്റെ മൂല്യവർധനവ് മനസ്സിലാക്കിയ ഒമാൻ കൃഷി മന്ത്രാലയം, റോസ് കൃഷി വർധിപ്പിക്കുന്നതിനായി കഴിഞ്ഞ മാർച്ചിൽ ഒരു പദ്ധതി ആരംഭിച്ചിരുന്നു. 150,000 റിയാലിന്റെ ധനസഹായത്തോടെ, രണ്ട് വർഷത്തെ പദ്ധതി 15 കർഷകർക്ക് പ്രയോജനം ചെയ്യാൻ ലക്ഷ്യമിടുന്നുതായിരുന്നു. പ്രാദേശിക ചെറുകിട ഇടത്തരം സംരംഭങ്ങളുമായി സഹകരിച്ച് റോസ് കൃഷിയെയും അനുബന്ധ വ്യവസായങ്ങളെയും കുറിച്ച് പഠനം നടത്തുക, അഞ്ച് ഏക്കർ കൂടി റോസ് കൃഷി വർധിപ്പിക്കാൻ പിന്തുണ നൽകുക, കാർഷിക യന്ത്രങ്ങൾ പരിചയപ്പെടുത്തുക, റോസ് വാട്ടർ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന ഗുണഭോക്താക്കൾക്ക് പരിശീലനം നൽകുക എന്നിവയായിരുന്നു ലക്ഷ്യങ്ങൾ.