റിയൽ ടൈം പാസഞ്ചർ ഇൻഫർമേഷൻ സ്‌ക്രീൻ സ്ഥാപിക്കാനൊരുങ്ങി മുവാസലാത്ത്
ബസ് ലൊക്കേഷൻ, എത്തുന്ന സമയം, മുടക്കം... എല്ലാം ഇനി ബസ് സ്റ്റേഷനിലെ ഡിജിറ്റിൽ സ്‌ക്രീനിൽ കാണാം...
മസ്‌കത്ത്: തിരഞ്ഞെടുത്ത ബസ് സ്റ്റേഷനുകളിലും ഒറ്റപ്പെട്ട ബസ് സ്റ്റോപ്പുകളിലും റിയൽ ടൈം പാസഞ്ചർ ഇൻഫർമേഷൻ സ്‌ക്രീനുകൾ (ആർടിപിഐ) സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി ഒമാൻ പബ്ലിക് ട്രാൻസ്പോർട്ട് കമ്പനിയായ മുവാസലാത്ത് അറിയിച്ചു. ആർടിപിഐ സ്‌ക്രീനുകൾ സ്ഥാപിക്കാനും തുടർന്ന് അറ്റകുറ്റപ്പണി നടത്താനും ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 28. ടെണ്ടറുകൾ ഓൺലൈനായി സമർപ്പിക്കണം.
നിലവിൽ, യാത്രക്കാർക്ക് ബസുകൾ എത്തിച്ചേരുന്ന സമയം മൊബൈൽ ആപ്ലിക്കേഷനുകൾ വഴി ട്രാക്ക് ചെയ്യാനാകും. എന്നാൽ യാത്രക്കാർക്ക് മികച്ച സേവനം നൽകുന്നതായി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഗതാഗത ശൃംഖല വിപുലീകരിക്കുന്നതിനുമാണ് കമ്പനി ശ്രമിക്കുന്നത്. ലൊക്കേഷൻ, എത്തിച്ചേരൽ സമയം, സേവന തടസ്സം എന്നിങ്ങനെയുള്ള വിവരങ്ങൾ ഉൾപ്പെടെ ബസിൽ നിന്ന് തത്സമയം സ്വീകരിക്കുന്ന സെൻട്രൽ സിസ്റ്റവുമായി ബന്ധിപ്പിച്ചാണ് ഡിജിറ്റൽ സ്‌ക്രീനുകൾ സ്ഥാപിക്കുക. അതത് വിവരങ്ങൾ ബസ് സ്റ്റോപ്പുകളിലെ സ്‌ക്രീനിൽ പ്രദർശിപ്പിക്കും. സേവന അലേർട്ടുകൾ, കാലാവസ്ഥാ വിവരങ്ങൾ, പരസ്യങ്ങൾ എന്നിവയും സ്‌ക്രീനിൽ കാണാം.