ഒമാനില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ക്ഷാമമില്ലെന്ന് മന്ത്രാലയം
ഒമാനിലെ വിപണികളില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ക്ഷാമമില്ലെന്നും വില സ്ഥിരത ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും കാര്‍ഷിക, മത്സ്യബന്ധനം ജലം, ജലവിഭവ മന്ത്രാലയം അറിയിച്ചു. ചെറിയ പെരുന്നാളിന് മുന്നോടിയായി കാര്‍ഷിക മന്ത്രാലയത്തിലെയും ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയിലെയും ഉദ്യോഗസ്ഥര്‍ മസ്‌കത്തിലെയും സുഹാറിലെയും സെന്‍ട്രല്‍ ഫ്രൂട്ട്സ് ആന്‍ഡ് വെജിറ്റബിള്‍സ് മാര്‍ക്കറ്റ് സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചരക്കുകളുടെയും സേവനങ്ങളുടെയും ലഭ്യത ഉറപ്പാക്കുകയും ക്രമക്കേടുകള്‍ തടയുന്നതിന്റേയും ഭാഗമായാണ് വിവിധ ഗവര്‍ണറേറ്റുകളില്‍ പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം വടക്കന്‍ ബാത്തിന, മസ്‌കത്ത് ഗവര്‍ണറേറ്റുകളിലെ പഴങ്ങള്‍, പച്ചക്കറികള്‍, മധുരപലഹാരങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകളിലും പരിശോധന നടത്തിയിരുന്നു.
സീബ് വിലായത്തിലെ വാണിജ്യ കേന്ദ്രങ്ങളിലും മാര്‍ക്കറ്റുകളിലും ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ചെയര്‍മാന്‍ സുലൈം ബിന്‍ സലിം അല്‍ ഹക്മാനിയുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസം പരിശോധന നടത്തിരുന്നത്. അതോറിറ്റിയും അതിന്റെ വിവിധ ഡയരക്ടറേറ്റുകളും വകുപ്പുകളും പരിശോധനാ ടീമുകള്‍ക്കായി ഒരു ഫീല്‍ഡ് വര്‍ക്ക് പ്രോഗ്രാം രൂപവത്കരിച്ചിട്ടുണ്ട്. പെരുന്നാളിന് മുന്നോടിയായി വിപണികളില്‍ വസ്ത്രങ്ങളും ചരക്കുകളും മറ്റും വാങ്ങാന്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ ഉപഭോക്താക്കളുടെ അകാശം ഉറപ്പുവരുത്താന്‍ വിപണി നിരീക്ഷണം അത്യാവശ്യമാണ്.