സുൽത്താന്റെ സന്ദർശനം: ഒമാനും കുവൈത്തും നാല് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു

കുവൈത്തി-ഒമാനി ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെൻറ് ഫോറത്തിലാണ് രാജ്യങ്ങൾ തമ്മിൽ വിവിധ വിഷയങ്ങളിൽ ധാരണയായത്

Update: 2024-05-14 07:28 GMT
Advertising

കുവൈത്ത് സിറ്റി: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ കുവൈത്ത് സന്ദർശന വേളയിൽ ഒമാനും കുവൈത്തും നാല് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. നേരിട്ടുള്ള നിക്ഷേപം, സ്റ്റാൻഡേർഡൈസേഷൻ സഹകരണം, നയതന്ത്ര പഠന-പരിശീലനം, കുവൈത്ത്-ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി സഹകരണം എന്നീ മേഖലകളിലാണ് തിങ്കളാഴ്ച ധാരണാപത്രം ഒപ്പുവെച്ചത്. കുവൈത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻ ഇൻഡസ്ട്രിയിൽ നടന്ന കുവൈത്തി-ഒമാനി ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെൻറ് ഫോറത്തിലാണ് രാജ്യങ്ങൾ തമ്മിൽ വിവിധ വിഷയങ്ങളിൽ ധാരണയായത്.

നയതന്ത്ര പഠന-പരിശീലന മേഖലകളിൽ ഒമാൻ -കുവൈത്ത് വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിൽ ധാരണയായി. വിദേശനയം, അന്താരാഷ്ട്ര ബന്ധങ്ങൾ, പൊളിറ്റിക്കൽ സയൻസ് എന്നീ മേഖലകളിലെ വിദഗ്ധരെ പരിശീലിപ്പിക്കുന്നതിനുള്ള ആധുനിക രീതികളാണ് ഈ ധാരണാപത്രം ലക്ഷ്യമിടുന്നത്.

നേരിട്ടുള്ള നിക്ഷേപം, സ്റ്റാൻഡേർഡൈസേഷൻ എന്നീ മേഖലകളിൽ ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം രണ്ട് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അതോറിറ്റിയുമായുള്ള ആദ്യത്തേത്, നേരിട്ടുള്ള നിക്ഷേപ മേഖലയിൽ സഹകരണത്തിനുള്ള ചട്ടക്കൂട് സ്ഥാപിക്കുന്നതിനും അവർക്കിടയിൽ അറിവും അനുഭവങ്ങളും കൈമാറുന്നതും സുഗമമാക്കുന്നതിനുമാണിത്.

സ്റ്റാൻഡേർഡൈസേഷൻ മേഖലയിൽ കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രിയുമായാണ് ധാരണാപത്രം ഒപ്പുവച്ചത്. സ്റ്റാൻഡേർഡൈസേഷൻ, ഗുണനിലവാരം, ലബോറട്ടറികൾ എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങൾ കൈമാറ്റം ചെയ്യുന്ന ഭക്ഷ്യേതര വ്യാവസായിക ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഉയർത്തുന്നതിനും ഇത് ലക്ഷ്യമിടുന്നു.

ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയും (ഒഐഎ) കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുമായി മറ്റൊരു ധാരണാപത്രം ഒപ്പുവച്ചു. ഈ ധാരണാപത്രം ഇരു കക്ഷികളും തമ്മിലുള്ള സംയുക്ത നിക്ഷേപത്തിൽ സഹകരണത്തിനും ഏകോപനത്തിനും ഒരു പൊതു ചട്ടക്കൂട് സ്ഥാപിക്കുന്നതിനും ഒമാനിലെയും കുവൈത്തിലെയും ഭാവി നിക്ഷേപ സാധ്യതകളെക്കുറിച്ചുള്ള ചർച്ചകളിൽ ഏർപ്പെടുന്നതിനും നിലവിലുള്ള നിക്ഷേപ ഫണ്ടുകളിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് പഠിക്കുന്നതിനുമായുള്ളതാണ്. ഊർജം, യൂട്ടിലിറ്റികൾ, ഇൻഫ്രാസ്ട്രക്ചർ, കമ്മ്യൂണിക്കേഷൻസ്, ഗതാഗതം, ലോജിസ്റ്റിക്സ് സേവനങ്ങൾ എന്നിങ്ങനെ ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുമായി ബന്ധപ്പെട്ട മേഖലകളിൽ സംയുക്ത നിക്ഷേപ ഫണ്ട് സ്ഥാപിക്കുന്നതിനുള്ള സാധ്യതയും ധാരണയിലുൾപ്പെടുന്നു.


Full View

ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം മുഹമ്മദ് അൽ മുർഷിദി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് മുഹമ്മദ് അൽ യൂസഫ്, വാണിജ്യ, നിക്ഷേപ മന്ത്രാലയം അണ്ടർസെക്രട്ടറി ഇബ്തിസാം അഹമ്മദ് അൽ ഫാറൂജി, കുവൈത്തിലെ ഒമാൻ അംബാസഡർ ഡോ. സാലിഹ് അമർ അൽ ഖറൂസി എന്നിവർ ഒമാനായി ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു.

കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. മിഷ്അൽ ജാബർ അൽ അഹമ്മദ് അൽ ജാബർ അസ്സബാഹ്, വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടർ സെക്രട്ടറി സിയാദ് അബ്ദുല്ല അൽ നാജിം, സൗദ് അൽ നാസർ ഇൻസ്റ്റിറ്റ്യൂട്ട് അഫയേഴ്സ് വിദേശകാര്യ സഹ മന്ത്രി നാസർ സുബൈഹ് അൽ സബീഹ്, കുവൈത്ത് സ്റ്റേറ്റ് ജനറൽ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി മാനേജിംഗ് ഡയറക്ടർ ഗാനിം സുലൈമാൻ അൽ ഗെനൈമാൻ എന്നിവർ കുവൈത്തിനായി ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News