കാർഷിക ദിനം ആഘോഷിച്ച് ഒമാൻ

കാർഷിക മൊത്ത ആഭ്യന്തര ഉത്പാദനം 525 ദശലക്ഷം റിയാൽ

Update: 2024-10-31 16:16 GMT
Advertising

മസ്‌കത്ത്:ഭക്ഷ്യസുരക്ഷയ്ക്കും ഹരിതവത്കരണത്തിനും ഊന്നൽ നൽകി ഒമാൻ കാർഷിക ദിനം ആഘോഷിച്ചു. ഈ വർഷത്തെ കാർഷിക ദിനം വിവിധ ഗവർണറേറ്റുകൾ വ്യത്യസ്ത രീതിയിലാണ് ആഘോഷിച്ചത്. വിവിധ മന്ത്രാലങ്ങളുമായി സഹകരിച്ച് സുൽത്താൻ ഖാബൂസ് സർവകലാശാല കാർഷിക മേഖലയിലെ രാജ്യത്തിന്റെ ഭാവിയെകുറിച്ചുള്ള ചർച്ചകൾക്ക് വേദി തുറന്നു.

കാർഷിക മൊത്ത ആഭ്യന്തര ഉത്പാദനം 525 ദശലക്ഷം റിയാലിൽ എത്തിയത് ഒമാനെ സംബന്ധിച്ച് വലിയ നേട്ടമാണ്. രാജ്യത്തെ കാർഷിക മേഖല തുടർച്ചയായ വികസനത്തിന്റെയും ആധുനികവത്കരണത്തിന്റെയും പ്രക്രിയയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. ഇറക്കുമതിക്ക് പകരം ഉത്പന്നങ്ങളുടെ സ്വയംപര്യാപ്തത വർദ്ധിപ്പിക്കുന്നതിനാണ് ഭരണകൂടം കൂടുതൽ പ്രധാന്യം നൽകുന്നത്.

ഈ ദൗത്യത്തിലെ പ്രധാനമായൊരു കാര്യം ഭക്ഷ്യ സുരക്ഷാ ലബോറട്ടറീസ് പ്രോഗ്രാമാണ്. ഗവൺമെൻറ്, അക്കാദമിക്, സ്വകാര്യ മേഖല, എന്നിവ ചേർന്ന സഹകരണ സംരംഭമാണിത്, ഭക്ഷ്യ ഉൽപ്പാദനം, സാങ്കേതികവിദ്യ, ഒമാനികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, കാർഷിക പദ്ധതികളിൽ പ്രാദേശിക നിക്ഷേപം വർധിപ്പിക്കൽ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നു.

ഈ വർഷം കൃഷി ചെയ്ത ഭൂമിയുടെ വിസ്തൃതി 293,000 ഏക്കറിലെത്തിയിട്ടുണ്ട്, ഉത്പാദനത്തിൽ 2019 മുതൽ 2023 വരെ ശരാശരി 5.2% വളർച്ചാ നിരക്ക് നിലനിർത്തിയിട്ടുണ്ട്. വിവിധ ഉത്പന്നങ്ങളിൽ ഒമാന്റെ സ്വയംപര്യാപ്തതയുടെ വളർച്ച മുകളിലേക്ക് തന്നെയാണ്. സ്വകാര്യമേഖലാ സ്ഥാപനങ്ങളുമായും ഒമാനി അഗ്രികൾച്ചറൽ സൊസൈറ്റിയുമായും സഹകരിച്ച് മന്ത്രാലയം നിരവധി പരിപാടികൾ നടത്തുന്നുണ്ടെന്നും അഗ്രികൾച്ചറൽ ആൻഡ് അനിമൽ റിസർച്ച് ഡയറക്ടർ ജനറൽ ഡോ. ഹംദാൻ ബിൻ സാലിം അൽ വഹൈബി പറഞ്ഞു. സുൽത്താൻ ഖാബൂസ് സർവകലാശാല കാർഷിക ദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്ന സുപ്രധാന മേഖലകളിലൊന്നായതിനാൽ കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനും എണ്ണ ഇതര ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുമുള്ള സംഭാവനയും പരിപാടിയിൽ ചർച്ച ചെയ്തു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News