ലോകത്തെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ഒമാൻ
മിഡിലീസ്റ്റ്, വടക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന മേഖലയിൽ മൂന്നാം സ്ഥാനത്താണ് ഒമാൻ
ലോകത്തെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളെ തരംതിരിക്കുന്ന പട്ടികയിൽ മികച്ച പ്രകടനവുമായി ഒമാൻ. മിഡിലീസ്റ്റ്, വടക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന മേഖലയിൽ മൂന്നാം സ്ഥാനത്താണ് ഒമാൻ. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസ് പുറത്തിറക്കിയ ആഗോള സമാധാന സൂചിക 17ാമത് പതിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഒന്നാം സ്ഥാനത്ത് ഖത്തറും രണ്ടാംസ്ഥാനത്ത് കുവൈത്തുമാണുള്ളത്. ജോർഡൻ, യു.എ.ഇ എന്നിവയാണ് തൊട്ടുപിന്നിൽ. തുനീഷ്യ, മൊറോക്കോ, അൽജീരിയ, ബഹ്റൈൻ, സൗദി അറേബ്യ എന്നിവയാണ് ആദ്യ പത്തിൽ ഇടം നേടിയ മേഖലയിൽ നിന്നുള്ള മറ്റു രാജ്യങ്ങൾ.
അതേസമയം, മിന മേഖലയിൽ ഏറ്റവും സമാധാനം കുറഞ്ഞ രാജ്യം യുദ്ധങ്ങളും കലാപങ്ങളും നിറഞ്ഞ യമൻ ആണ്. സാമൂഹിക സുരക്ഷ, ആഭ്യന്തര-രാജ്യാന്തര കലാപങ്ങളുടെ തോത്, സൈനികവത്കരണം എന്നീ മൂന്നു പ്രധാന ഘടകങ്ങൾ ആസ്പദമാക്കിയാണ് രാജ്യങ്ങളിലെ സമാധാനത്തിന്റെ ഇൻഡക്‌സ് നിർണയിക്കുന്നത്. ഐസ്‌ലൻഡാണ് ലോകത്ത് ഏറ്റവും സമാധാനമുള്ള രാജ്യം. പട്ടികയിൽ 126ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.