സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണ നിരക്ക് വർധിപ്പിക്കാനുളള പദ്ധതിയുമായി ഒമാൻ
പുതിയ ഉത്തരവ് നടപ്പിൽ വരുത്താത്ത കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നടപടിയുണ്ടാവും
മസ്‌കത്ത്: സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണ നിരക്ക് വർധിപ്പിക്കാനുള്ള പദ്ധതികളുമായി ഒമാൻ തൊഴിൽ മന്ത്രാലയം. തൊഴിൽ മാർക്കറ്റിൽ ഒമാനികൾക്ക് ചെയ്യാൻ പറ്റിയ പുതിയ തൊഴിലുകൾ സൃഷ്ടിക്കുകയാണ് പദ്ധിയുടെ ലക്ഷ്യം. പുതിയ ഉത്തരവ് നടപ്പിൽ വരുത്താത്ത കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നടപടിയുണ്ടാവും. ഒമാൻ തൊഴിൽ മന്ത്രാലയവും സ്വകാര്യ മേഖലാ കമ്പനികളും മറ്റ് ബന്ധപ്പെട്ട അധികൃതരും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.
തൊഴിൽ മേഖല ക്രമീകരിക്കുവാനും ഒമാനികൾക്ക് അനുയോജ്യമായ ജോലികളിൽ പ്രവേശിക്കാനും പുതിയ നീക്കം സഹായിക്കും. സർക്കാർ നിർദ്ദേശിച്ച സ്വദേശിവൽക്കരണ തോത് പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങളുമായി ഒമാൻ ഭരണ യൂനിറ്റുകളും സർക്കാർ കമ്പനികളുമായി ഒരു ഇടപാടുകളും ഉണ്ടായിരിക്കില്ല. അതോടൊപ്പം എല്ലാ സ്വകാര്യ കമ്പനികളും ആവശ്യമായ തൊഴിൽ നിലവാരം ഉണ്ടാക്കിയെന്നും സർക്കാർ ആവശ്യപ്പെട്ട സ്വദേശി വൽകരണ തോത് നടപ്പാക്കിയെന്നും കാണിക്കുന്ന ഇലക്ട്രോണിക് സർട്ടിഫിക്കറ്റും നേടിയിരിക്കണം.
ഇതുകൂടാതെ പുതിയ മുപ്പതിലധികം തൊഴിലുകളിൽ ഒമാനികൾ അല്ലാത്തവരെ ജോലി ചെയ്യാനും അനുവദിക്കില്ല. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ഒരു ഒമാനിയെങ്കിലും ജോലിക്ക് വെച്ചിരിക്കുകയും അവർക്ക് അനുയോജ്യമായ തൊഴിലുകൾ നൽകുകയും വേണം. സ്വദേശിവൽക്കരണ ശതമാനം വർധിപ്പിക്കുന്ന സ്ഥാപനങ്ങളെ സഹായിക്കാനുള്ള പ്രത്യേക സാമ്പത്തിക പാക്കേജിനും മന്ത്രാലയം അംഗീകാരം നൽകി. സ്വകാര്യ സ്ഥാപനങ്ങൾ സ്വദേശിവൽക്കരണ നിരക്ക് വർധിപ്പിച്ചുവെന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി വർക് പെർമിറ്റ് ഫീസുകൾ പുനരാലോചിക്കാനും തീരുമാനമുണ്ട്. സ്വദേശിവൽക്കരണവുമായി സഹകരിക്കാത്ത സ്ഥാപനങ്ങളുടെ വർക് പെർമിറ്റ് ഫീസുകൾ ഇരട്ടിപ്പിക്കുകയും ചെയ്യും. തൊഴിൽ മാർക്കറ്റിലെ പുതിയ നിയമങ്ങൾ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ നടപ്പാക്കുന്നുവെന്ന് ഉറപ്പ് വരുത്താൻ മന്ത്രാലയം അധികൃതർ പരിശാധനകളും നടത്തും.