ഒമാൻ പൊതുകടം 14.5 ബില്യൺ റിയാലായി കുറച്ചു

ബോണ്ടുകൾക്കായി 700 ദശലക്ഷം ഒമാനി റിയാൽ നൽകി

Update: 2024-06-07 10:30 GMT
Advertising

മസ്‌കത്ത്: ഒമാൻ തങ്ങളുടെ പൊതു കടം 14.5 ബില്യണായി കുറച്ചു. 2023 അവസാനത്തിൽ 15.3 ബില്യണായിരുന്നു കടം. കാലാവധി പൂർത്തിയാകുന്ന അന്താരാഷ്ട്ര സുകൂക്ക് ബോണ്ടുകൾക്കായി 700 ദശലക്ഷം ഒമാനി റിയാൽ (1.8 ബില്യൺ ഡോളർ) നൽകിയതോടെയാണ് കടം കുറഞ്ഞത്. പൊതുകടവും മൊത്ത ആഭ്യന്തര ഉൽപ്പാദനവും (ജിഡിപി) തമ്മിൽ 2023 അവസാനത്തിലുണ്ടായിരുന്ന 36.5 ശതമാനം അനുപാതം 2024 ആദ്യ പകുതിയിൽ 33.9 ശതമാനമായി കുറയാനും ഇത് കാരണമായി.

സാമ്പത്തിക ബാധ്യതകൾ ഉടനടി തീർപ്പാക്കുന്നതിന്റെയും സാമ്പത്തിക ചെലവുകൾ തുടർച്ചയായി അവലോകനം ചെയ്യുന്നതിന്റെയും ഭാഗമായി ബാഹ്യ വായ്പകളുടെ തിരിച്ചടവിലൂടെയും ഗവൺമെൻററ് വികസന ബോണ്ടുകൾ ഇഷ്യു ചെയ്യുന്നതിലൂടെയും ഒമാന്റെ സാമ്പത്തിക ബാധ്യതകൾ കൈകാര്യം ചെയ്തതായി ധനമന്ത്രാലയം അറിയിച്ചു.

മൊത്തം പൊതു കടത്തിൽ വിദേശ കടത്തിന്റെ അനുപാതം 2023 അവസാനത്തോടെ 74 ശതമാനമായിരുന്നു. ഇത് 2024 ആദ്യ പകുതിയിൽ 71 ശതമാനമായി കുറഞ്ഞുവെന്നും മന്ത്രാലയം വിശദീകരിച്ചു.

ഒമാന്റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താനും പൊതു കടത്തിന്റെ ഭാരം കുറയ്ക്കാനും പൊതു കടത്തിന്റെ അപകടസാധ്യതകൾ കുറയ്ക്കാനുമാണ് ഭരണകൂടം ശ്രമിക്കുന്നത്. ക്രെഡിറ്റ് റേറ്റിംഗ് സൂചകങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ ക്രെഡിറ്റ് യോഗ്യത വർദ്ധിപ്പിക്കാനും ശ്രമിക്കുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News