ഖത്തർ അമീർ ശൈഖ് തമീം ഒമാനിലെത്തി
ഒമാൻ സുൽത്താനും ഖത്തർ അമീറും കൂടിക്കാഴ്ച നടത്തി
മസ്‌കത്ത്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഒമാനിലെത്തി. അൽ ആലം കൊട്ടാരത്തിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും ഖത്തർ അമീറും കൂടിക്കാഴ്ച നടത്തി. അമീറിന്റെ സന്ദർശനത്തന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ വിവിധ സഹകരണ കരാറുകളിലും ധാരണ പത്രങ്ങളിലും ഒപ്പുവെക്കും.
റോയൽ എയർപോർട്ടിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് നേരിട്ടെത്തിയാണ് ഖത്തർ അമീറിനെയും പ്രതിനിധി സംഘത്തേയും സ്വീകരിച്ചത്. ഔദ്യോഗിക സ്വീകരണത്തിന് ശേഷമായിരുന്നു അൽ ആലം കൊട്ടാരത്തിലെ കൂടിക്കാഴ്ച.
അമീറിനും പ്രതിനിധ സംഘത്തിനും സുൽത്താൻ ആശംസകൾ അറിയിച്ചു ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദക്കും ഖത്തർ അമീർ സുൽത്താന് നന്ദി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം, ധാരണ, സാഹോദര്യം എന്നിവയിലെ ബന്ധങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. പങ്കാളിത്തം, നിക്ഷേപം എന്നീ മേഖലകളെ കുറിച്ചും അവ പ്രോത്സാഹിപ്പിക്കുന്നതിന് ലഭ്യമായ അവസരങ്ങളും ഇരു നേതാക്കളും അവലോകനം ചെയ്തു. നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും മേഖലയിലെ ഭാവി പ്രത്യാഘാതങ്ങളെക്കുറിച്ചും പ്രാദേശിക അന്തദേശിയ വിഷയങ്ങളിൽ ഇരുവരും കാഴ്ചപാടുകളും കൈമാറി. ഖത്തർ അമീറിന്റെ സന്ദർശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ വിവിധ സഹകരണ കരാറുകളിലും ധാരണ പത്രങ്ങളിലും ഒപ്പുവെക്കും. ഒമാനിലെ മന്ത്രിമാരുമായും ഉന്നതതല ഉദ്യോഗസ്ഥരുമായും ഖത്തർ സംഘം കൂടിക്കാഴ്ചയും നടത്തും.