ജി.സി.സി വിദേശകാര്യ മന്ത്രിമാരുമായി ഒമാൻ ഭരണാധികാരി കൂടിക്കാഴ്ച നടത്തി

Update: 2023-10-18 01:26 GMT
Advertising

ജി.സി.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് കൂടിക്കാഴ്ച നടത്തി. ഗസ്സയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി മന്ത്രിതല സമിതിയുടെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജി.സി.സി വിദേശകാര്യ മന്ത്രിമാർ.

ഗസ്സയിലെയും മുഴുവൻ അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും നിലവിലെ സംഭവവികാസങ്ങൾ ഒമാൻ സുൽത്താൻ അവലോകനം ചെയ്തു.അക്രമം തടയുന്നതിനും സാധാരണക്കാർക്ക് സംരക്ഷണം നൽകുന്നതിനുമുള്ള പ്രാദേശികവും അന്തർദേശീയവുമായ ശ്രമങ്ങൾ തീവ്രമാക്കേണ്ടതിന്റെ ആവശ്യകതയും സുൽത്താൻ ചൂണ്ടികാട്ടി.

യുദ്ധം മൂലം ദുരിതം അനുഭവിക്കുന്ന ഗാസയിലെ ജനങ്ങൾക്ക് സഹായം എത്തിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കമെന്നും സഹായം ഗാസയിലെ ജനങ്ങൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മസ്കത്തിൽ നടന്ന ജി.സി.സി മന്ത്രിതല സമിതി സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഫലസ്തീനിൽ നടക്കുന്ന പുതിയ സംഭവ വികാസങ്ങൾ യോഗം വിലയിരുത്തി. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങളും താമസക്കാർക്ക് നേരെ നടത്തുന്ന വിവേചന രഹിതമായ ബോബിങുകളും യോഗം ചർച്ച ചെയ്തു. നിലവിൽ ജി.സി.സി അധ്യക്ഷ സ്ഥാനത്തുള്ള ഒമാന്‍റെ അഭ്യർഥനയെ തുടർന്നാണ് ജി.സി.സി മന്ത്രി സഭ സമിതിയുടെ 43 മത് അടിയന്തര യോഗം മസ്കത്തിൽ ചേർന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News