സുൽത്താൻ ഹൈതം സിറ്റി പദ്ധതിയുടെ ഒന്നാം വാർഷികം ആഘോഷിച്ച് ഒമാൻ

സിറ്റിയുടെ ആദ്യഘട്ടം 2030ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

Update: 2024-05-30 12:49 GMT
Advertising

മസ്‌കത്ത്: ഒമാൻ ഹൗസിംഗ് ആൻഡ് അർബൻ പ്ലാനിംഗ് മന്ത്രാലയം (MoHUP) സുൽത്താൻ ഹൈതം സിറ്റി പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഒന്നാം വാർഷികം വ്യാഴാഴ്ച ആഘോഷിച്ചു. കഴിഞ്ഞ വർഷം മെയ് 31 നാണ് അൽ ബറഖ പാലസിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പദ്ധതിക്ക് തുടക്കമിട്ടത്. സുൽത്താൻ ഹൈതം സിറ്റിയുടെ ആദ്യഘട്ടം 2030ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സുസ്ഥിര നഗരവികസനവും സാമ്പത്തിക വൈവിധ്യവത്ക്കരണവവും ലക്ഷ്യമിട്ടാണ് ഒമാൻ ഈ പദ്ധതി നടപ്പാക്കുന്നത്. നാല് വ്യത്യസ്ത ഘട്ടങ്ങളിലായാണ് സുൽത്താൻ ഹൈതം സിറ്റി നിർമിക്കുന്നത്. 2024 മുതൽ 2030 വരെ നീളുന്നതാണ് ആദ്യ ഘട്ടം. ഏകദേശം അഞ്ച് ദശലക്ഷം ചതുരശ്ര മീറ്റർ ഉൾക്കൊള്ളുന്ന നഗര കേന്ദ്രത്തിന്റെ വികസനത്തിന് സാക്ഷ്യം വഹിക്കും. ഈ ഘട്ടത്തിൽ ആറ് ആധുനിക സംയോജിത അയൽപക്കങ്ങൾ അവതരിപ്പിക്കും. ഏകദേശം 2.2 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള നിർമാണ മേഖലയാണ് ഇത്. സിറ്റി സെന്ററിന്റെ കേന്ദ്രഭാഗം സെൻട്രൽ പാർക്ക് ആയിരിക്കും. താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ ഒത്തുചേരാനുള്ള സ്ഥലമായി 1.6 ദശലക്ഷം ചതുരശ്ര മീറ്ററിലാണ് പാർക്ക് നിർമിക്കുക. 35,000ത്തിലധികം ആളുകളുള്ള സിറ്റി സെന്റർ, ഡിറ്റാച്ച്ഡ് വില്ലകൾ, സെമി ഡിറ്റാച്ച്ഡ് വില്ലകൾ, ടൗൺഹൗസുകൾ, അപ്പാർട്ടുമെന്റുകൾ എന്നിവ ഉൾപ്പെടുന്ന 6,743 ഭവന യൂണിറ്റുകൾ ഉൾപ്പെടെ ലോകോത്തര സൗകര്യങ്ങൾ ഇവിടെയുണ്ടാകും. ആരാധനാലയങ്ങൾ, സ്വകാര്യ ആശുപത്രി, ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷൻ, സ്‌കൂൾ സൈറ്റുകൾ, കൂടാതെ നിരവധി സാമൂഹിക, സാംസ്‌കാരിക, സേവന സൗകര്യങ്ങൾ എന്നിവയും ഇവിടെയുണ്ടാകും.

2028 മുതൽ 2035 വരെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന രണ്ടാം ഘട്ടത്തിൽ 2.6 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുണ്ടാകും. 23,000-ത്തിലധികം ആളുകൾക്ക് താമസിക്കാം. ഈ ഘട്ടത്തിൽ 4,200 ഹൗസിംഗ് യൂണിറ്റുകൾ സജ്ജീകരിക്കും, ഏകദേശം 1.4 ദശലക്ഷം ചതുരശ്ര മീറ്ററാണ് മൊത്തം നിർമാണ വിസ്തീർണം.

2033 മുതൽ 2040 വരെയുള്ള മൂന്നാം ഘട്ടം 2.3 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണം ഉൾക്കൊള്ളുകയും 21,000ലധികം വ്യക്തികളെ ഉൾക്കൊള്ളുകയും ചെയ്യും. 1.3 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള 3,500 ഭവന യൂണിറ്റുകൾ അവതരിപ്പിക്കും.

2038 മുതൽ 2045 വരെ ഷെഡ്യൂൾ ചെയ്ത നാലാമത്തെയും അവസാനത്തെയും ഘട്ടം ഏകദേശം 5.5 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 26,000ത്തിലധികം ആളുകളെ ഉൾക്കൊള്ളും. ഈ ഘട്ടം ഏകദേശം 1.9 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള 4,500 ഹൗസിംഗ് യൂണിറ്റുകൾ അവതരിപ്പിക്കും. 100,000 താമസക്കാരെ ഉൾക്കൊള്ളാൻ പ്രതീക്ഷിക്കുന്ന സുൽത്താൻ ഹൈതം സിറ്റി വിശാലമായ റെസിഡൻഷ്യൽ യൂണിറ്റുകളെ ഉൾക്കൊള്ളുന്നതാണ്.

19 അയൽപക്കങ്ങൾ ഉൾക്കൊള്ളുന്ന പദ്ധതി വാസ്തുവിദ്യാ മികവ് കൊണ്ടും രൂപകല്പന കൊണ്ടും ശ്രദ്ധേയമാകും.

സുൽത്താൻ ഹൈതം സിറ്റിയിൽ ഗ്രാൻഡ് സെൻട്രൽ മസ്ജിദ് ഉൾപ്പെടെ 25 മസ്ജിദുകൾ ഉണ്ടാകും. 20,000 രോഗികളെ ഉൾക്കൊള്ളുന്ന രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ 11 ആരോഗ്യ സ്ഥാപനങ്ങൾ നഗരത്തിലുണ്ടാകും. ആറ് ആരോഗ്യ കേന്ദ്രങ്ങൾ 10,000 രോഗികൾക്ക് വീതം ചികിത്സ നൽകും. 1200 കിടക്കകളുള്ള റഫറൻസ് ആശുപത്രിയും ഒരു സ്വകാര്യ ആശുപത്രിയും ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും ഒരു പ്രത്യേക കേന്ദ്രമുണ്ടാകും.

ഗവൺമെൻറ്, സ്വകാര്യ, തലങ്ങളിലായി 39 സ്‌കൂളുകൾ നഗരത്തിലുണ്ടാകും. 12 അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് നഗരത്തിന്റെ മാസ്റ്റർ പ്ലാൻ. ജീവിത നിലവാരം, ആഡംബര ജീവിതം, ന്യായ ജീവിതച്ചെലവ്, സംയോജിത സൗകര്യങ്ങൾ, ആധുനിക ജീവിതശൈലി, സുസ്ഥിര സംവിധാനങ്ങൾ എന്നിവ നഗരം ഉറപ്പാക്കുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News