ഹിമാം ട്രെയിൽ റൺ റേസിന്റെ അഞ്ചാം എഡിഷൻ ഡിസംബറിൽ; ആയിരത്തിലധികം പേർ പങ്കെടുക്കും
ഡിസംബർ 5 മുതൽ 7 വരെ ദാഖിലിയ ഗവർണറേറ്റിലെ നാല് വിലായത്തുകളിലാണ് മത്സരം
മസ്‌കത്ത്: ഒമാനിലെ ഹിമാം ട്രെയിൽ റൺ റേസിന്റെ അഞ്ചാം എഡിഷൻ ഡിസംബറിൽ നടക്കും. ദാഖിലിയ ഗവർണറേറ്റിലെ നാല് വിലായത്തുകളിൽ ഡിസംബർ 5 മുതൽ 7 വരെയാണ് മത്സരം. പൈതൃക, വിനോദസഞ്ചാര മന്ത്രാലയവും സംസ്‌കാരം, കായികം, യുവജനകാര്യ മന്ത്രാലയവും ദാഖിലിയ ഗവർണറേറ്റും ചേർന്നാണ് ഇവന്റ് സംഘടിപ്പിക്കുന്നത്. 65 രാജ്യങ്ങളിൽ നിന്നുള്ള 1000-ലധികം ഓട്ടക്കാരുടെ പങ്കാളിത്തമാണ് റേസിലുണ്ടാവുക. 110 കിലോമീറ്റർ, 55 കിലോമീറ്റർ, 20 കിലോമീറ്റർ എന്നിങ്ങനെ മൂന്ന് വെല്ലുവിളി നിറഞ്ഞ പാതകളിലാണ് റേസുകൾ നടക്കുന്നത്. ദാഖിലിയ ഗവർണറേറ്റിലെ നിസ്വ, ഇസ്‌കി, അൽ ഹംറ, ജബൽ അഖ്ദർ എന്നീ നാല് വിലായത്തുകളിലായാണ് റേസുകൾ നടക്കുന്നത്. മലകൾ, താഴ്വരകൾ, സമൃദ്ധമായ കൃഷിഭൂമികൾ എന്നിവയെ സംയോജിപ്പിക്കുന്ന അതിശയകരമായ പ്രകൃതിദൃശ്യങ്ങളിലൂടെയും വൈവിധ്യമാർന്ന ഭൂപ്രകൃതിയിലൂടെയും ഓട്ടക്കാർ കടന്നുപോകും.
പ്രധാന റേസിനൊപ്പം ഡിസംബർ 6, 7 തീയതികളിൽ ഒരു കിലോമീറ്റർ മുതൽ പത്ത് കിലോമീറ്റർ വരെ വ്യത്യസ്ത ദൂരങ്ങളിലുള്ള ഉപ-റേസുകളും നടക്കും. സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്ന തരത്തിലാണ് ഈ റേസുകൾ നടക്കുക. ഇതോടൊപ്പമുള്ള ഒരു എക്‌സിബിഷനിൽ പ്രാദേശിക ബിസിനസ്സുകളും കമ്മ്യൂണിറ്റി പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്ന ചെറുകിട ഇടത്തരം സംരംഭങ്ങൾ പ്രദർശിപ്പിക്കും.
ഹിമാം ട്രെയിൽ റൺ റേസ് കായിക മേഖലയിൽ മാത്രമല്ല, വിനോദസഞ്ചാരത്തിനും പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്കും പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് നടത്തുന്നത്. ലോകമെമ്പാടുമുള്ള സന്ദർശകരെയും അത്‌ലറ്റുകളെയും ആകർഷിക്കുക, വിനോദസഞ്ചാര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക, ഒമാന്റെ സൗന്ദര്യം പ്രദർശിപ്പിക്കുക എന്നിവയിലൂടെ ഓമാൻ സുൽത്താനേറ്റിൽ കായിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നു.