ഒമാനിലെ ഇന്ത്യൻ സമൂഹം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
മസ്‌കത്തിലെ ഇന്ത്യൻ എംബസിയിൽ അംബാസഡർ അമിത് നാരംഗ് ദേശീയ പതാക ഉയർത്തി
മസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ പ്രവാസി സമൂഹം വൈവിധ്യമാർന്ന പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി മസ്‌കത്തിലെ ഇന്ത്യൻ എംബസിയിയിലാണ് പ്രധാന പരിപാടികൾ നടന്നത്. ഒമാനിലെ എല്ലാ ഇന്ത്യൻ സ്‌കൂളുകളിലും വിപുലമായ ആഘോഷ പരിപാടികളാണ് നടന്നത്.
മസ്‌കത്തിലെ ഇന്ത്യൻ എംബസിയിൽ അംബാസഡർ അമിത് നാരംഗ് ദേശീയ പതാക ഉയർത്തിയതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ഇന്ത്യൻ അംബാസഡർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന അർപ്പിച്ചു. തുടർന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സ്വാതന്ത്ര്യദിന സന്ദേശം ഇന്ത്യൻ അംബാസഡർ വായിച്ചു. ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, സ്വദേശി പ്രമുഖർ, ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള പ്രത്യേക അതിഥികൾ തുടങ്ങി നൂറ് കണക്കിന് ആളുകൾ മസ്‌കത്തിലെ ഇന്ത്യൻ എംബസിയിൽ എത്തിയിരുന്നു.
ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ, ദേശഭക്തി ഗാനങ്ങൾ അവതരിപ്പിക്കൽ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സാംസ്‌കാരിക വൈവിധ്യങ്ങൾ കോർത്തിണക്കിയ നൃത്തനൃത്യങ്ങൾ തുടങ്ങി വൈവിധ്യങ്ങളായ പരിപാടികൾ നടന്നു. ഇന്ത്യൻ സ്‌കൂളുകളിൽ നടന്ന ആഘോഷ പരിപാടികളിൽ രക്ഷിതാക്കളും പങ്കെടുത്തു. വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ നടന്ന പരിപാടികളിൽ ഡയറക്ടർ ബോർഡ് അംഗങ്ങൾ, സ്‌കൂൾ മാനേജ്മമെന്റ് കമ്മിറ്റി പ്രതിനിധികളും മുഖ്യാതിഥികളായിരുന്നു. ഒമാനിൽ വരും ദിവസങ്ങളിൽ വ്യത്യസ്ത ആഘോഷ പരിപാടികൾ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ നേതൃത്വത്തിൽ നടക്കും.