‘രാസ്ത’യുടെ പ്രദർശനം സലാലയിലും തുടങ്ങി
പൂർണമായും ഒമാനിൽ ചിത്രീകരിച്ച മലയാള ചിത്രം ‘രാസ്ത’യുടെ പ്രദർശനം സലാലയിലും തുടങ്ങി. സിനി പോളീസിൽ രാത്രി പത്തരക്കാണ് ഷോ നടക്കുന്നത്. ജനുവരി 20 വരെ ഷോ ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ലോകത്തിലെ ഏറ്റവും വന്യമായ മരുഭൂമിയായ റുബൂഉൽഖാലിയിൽ 2011ലുണ്ടായ യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ബദർ സമ റീജിയണൽ മാനേജർ അബ്-ദുൽ അസീസ് പറഞ്ഞു.
റുബൂഉൽഖാലി മരുഭൂമിയിൽ, അമ്മയെ തേടി ഗൾഫിലേക്ക് പോകുന്ന ഒരു പെൺകുട്ടിയുടെ അതിജീവനവും മറ്റുമാണ് കഥയുടെ ഇതിവൃത്തം. നിരവധി ഒമാനി കലാകാരൻമാരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഒമാന്‍റെ സൗന്ദര്യവും ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു.
അലു എന്റർടൈൻമെൻസിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമിച്ച ചിത്രം അനീഷ് അൻവർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സർജ്ജനോ ഖാലിദ് , അനഘ നാരായണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നവാഗതരായ ഷാഹുൽ, ഫായിസ് മടക്കര എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയും, തിരക്കഥയും സംഭാഷണവും എഴുതിയത്. ബിദിയയിലെ വുഹൈത സാൻഡിലും മസ്കത്തിലുമാണ് ചിത്രീകരണം പൂർത്തിയാക്കിയത്.