പ്രാദേശിക, അന്താരാഷ്ട്ര സ്ഥിതിഗതികൾ വിലയിരുത്തി ഒമാൻ സുൽത്താൻ

Update: 2023-01-04 03:06 GMT
Advertising

യുവാക്കളുടെ തൊഴിൽ സംസ്‌കാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനും സ്വന്തമായി തൊഴിലിന് പ്രോത്സാഹനം നൽകാനും ബോധവൽക്കരണം ആവശ്യമാണെന്ന് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്. ഈ വർഷത്തെ ആദ്യ മന്ത്രിസഭായോഗത്തിൽ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു സുൽത്താൻ.

ഒമാൻ സ്വദേശികൾക്ക് എല്ലാ തരത്തിലുള്ള തൊഴിലുകൾ ചെയ്യാനും സംരംഭങ്ങൾ നടത്താനും സർക്കാരിന്റെ എല്ലാ വിഭാഗങ്ങളും ആവശ്യമായ സാഹചര്യം ഒരുക്കണമെന്നും സുൽത്താൻ നിർദ്ദേശിച്ചു. പ്രാദേശിക, അന്താരാഷ്ട്ര മേഖലകളിലെ സ്ഥിതിഗതികൾ സുൽത്താൻ വിലയിരുത്തി. കഴിഞ്ഞ വർഷം സാമ്പത്തിക-സാമൂഹിക മേഖലകളിൽ രാജ്യം എല്ലാ നിലയിലും ഉണ്ടാക്കിയ നേട്ടത്തിൽ സുൽത്താൻ സംതൃപ്തി രേഖപ്പെടുത്തി.

രാജ്യത്തിന്റെ സ്ഥായിയായ പുരോഗതിയും രാജ്യത്തിന് നേട്ടവുമുണ്ടാക്കുന്ന നയപരിപാടികളും നടപ്പാക്കണമെന്ന് സുൽത്താൻ പ്രത്യേകം എടുത്ത് പറഞ്ഞു. കൂടുതൽ പ്രാദേശിക, വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനും എണ്ണേതര വരുമാനത്തിന് പ്രാധാന്യം നൽകി സാമ്പത്തിക വൈവിധ്യവൽക്കരണം നടപ്പാക്കുന്നതിന് നടത്തിയ ശ്രമങ്ങളും വിലയിരുത്തി.

ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി നിലവിൽ വന്നത് മുതൽ സാമ്പത്തിക മേഖലയിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞതായി സുൽത്താൻ പറഞ്ഞു. മയക്ക് മരുന്നുകളുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി പഞ്ചവത്സര പദ്ധതി നടപ്പാക്കുമെന്നും സുൽത്താൻ പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News