ഗതാഗത നിയമ ലംഘന ചിത്രം ഇനി ആർ.ഒ.പി ആപ്പിൽ കാണാം
പുതിയ അപ്ഡേറ്റ് അവതരിപ്പിച്ച് റോയൽ ഒമാൻ പൊലീസ്
Update: 2024-05-27 11:29 GMT
മസ്‌കത്ത്: തങ്ങളുടെ ഇലക്ട്രോണിക് ആപ്ലിക്കേഷനിൽ പുതിയ അപ്ഡേറ്റുകൾ അവതരിപ്പിച്ച് റോയൽ ഒമാൻ പൊലീസ്. പൊതുജനങ്ങൾക്ക് അവരുടെ ഗതാഗത നിയമ ലംഘന ചിത്രം ആപ്പിൽ കാണാനുള്ള സൗകര്യമടക്കമുള്ളവയാണ് ആപ്പിൽ പുതുതായി ലഭിക്കുന്ന സൗകര്യം.
ഒരു നിർദ്ദിഷ്ട വാഹനവുമായി ബന്ധപ്പെട്ട ലംഘനങ്ങൾ പരിശോധിക്കാൻ ആപ്പ് വഴി ഉപയോക്താക്കൾക്ക് കഴിയും. ഉടമയുടെ ഡാറ്റ വാഹനത്തിന്റെ ഡാറ്റയുമായി ചേരുന്നുവെന്ന് ഉറപ്പാക്കിയാണ് സൗകര്യം ലഭിക്കുക. ഇതുവഴി പൊലീസ് സ്റ്റേഷനിലേക്ക് പോകാതെ തന്നെ നിയമ ലംഘനത്തിന്റെ ഫോട്ടോ പരിശോധിക്കാൻ കഴിയും.
നഷ്ടപ്പെട്ട ഡ്രൈവിംഗ് ലൈസൻസ് വീണ്ടും പ്രിൻറ് ചെയ്യുക, വിവാഹ രജിസ്‌ട്രേഷൻ തുടങ്ങിയ വേറെയും സൗകര്യങ്ങൾ ആപ്പിൽ ലഭ്യമാണെന്ന് ഒമാൻ പൊലീസ് എക്‌സിൽ അറിയിച്ചു.