ഏകീകൃത ജിസിസി വിസ ഇനിയും വൈകും: ഒമാൻ പൈതൃക, ടൂറിസം മന്ത്രി
അംഗരാജ്യങ്ങൾക്കിടയിലെ സുരക്ഷാ ആശങ്കകളും വ്യത്യസ്ത വീക്ഷണങ്ങളുമാണ് കാലതാമസത്തിന് കാരണം


മസ്‌കത്ത്: ഏകീകൃത ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) വിസ ഇനിയും വൈകുമെന്ന് ഒമാൻ പൈതൃക, ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി. സുരക്ഷാ കാരണങ്ങളാണ് ഏകീകൃത ജിസിസി വിസ വൈകാൻ ഇടയാക്കുന്നതെന്നും ഒമാൻ ടൂറിസം മന്ത്രി പറഞ്ഞു.
പ്രാദേശിക ടൂറിസം കാര്യക്ഷമമാക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് ഏകീകൃത ജിസിസി വിസ. അംഗരാജ്യങ്ങൾക്കിടയിലുള്ള സുരക്ഷാ ആശങ്കകളും വ്യത്യസ്ത വീക്ഷണങ്ങളും മൂലം വിസ നടപ്പാക്കുന്നതിൽ കാലതാമസം നേരിടുന്നുണ്ടെന്ന് ഷൂറ കൗൺസിലിന്റെ എട്ടാമത് പതിവ് സെഷനിൽ നടന്ന ചർച്ചയിലാണ് പൈതൃക, ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി വ്യക്തമാക്കിയത്.
ജിസിസിയിലുടനീളമുള്ള യാത്ര ലളിതമാക്കി ടൂറിസം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2023 ൽ ഔദ്യോഗികമായി ജിസിസി വിസ അംഗീകരിച്ചത്. ഈ സംവിധാനം യാഥാർത്ഥ്യമാക്കാൻ ഇപ്പോഴും വെല്ലുവിളികളുണ്ടെന്നും നിർദേശം ഗവേഷണത്തിലും പഠനത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.