വി. മുരളീധരൻ ഉന്നതതല പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും
ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ ദ്വിദിന ഒമാൻ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. ഉന്നതതല പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
‘ഇന്ത്യ ഓണ്‍ കാന്‍വാസ് ’ പെയ്ന്റിങ് പ്രദര്‍ശനം മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. നാഷനല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടിലെ 20 ചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുക. മസ്‌കത്ത് ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഇന്ത്യ-ഒമാന്‍ ചരിത്രം പറയുന്ന ‘മന്ദ്‌വിയില്‍ നിന്ന് മസ്‌കത്തുവരെ’ സെഷനും ഉദ്ഘാടനം ചെയ്യും.
ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, തൊഴിലാളികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, പ്രഫഷനലുകള്‍ എന്നിവരുമായും മന്ത്രി സംവദിക്കും. ഇന്ത്യയും ഒമാനും തമ്മില്‍ മികച്ച ഉഭയകക്ഷി ബന്ധമാണ് നിലനില്‍ക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
കഴിഞ്ഞ വർഷം മന്ത്രി നടത്തിയ സന്ദർശനത്തിന്‍റെ ഭാഗമായി ഒമാനിലെ ഇന്ത്യക്കാർക്ക് റൂപേ കാർഡും യു.പി.ഐ പ്ലാറ്റ്‌ഫോമും ഉപയോഗിക്കാൻ അവസരമൊരുങ്ങിയിരുന്നു.
ഇതു സംബന്ധിച്ച് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ ഇന്റർനാഷണൽ പേയ്‌മെന്റ് ലിമിറ്റഡും സെൻട്രൽ ബാങ്ക് ഓഫ് ഒമാനും ആണ് കരാറിലെത്തിയിരിക്കുന്നത്. മന്ത്രി വി. മുരളീധരന്‍റെ മൂന്നാം ഒമാൻ സന്ദർശനമാണിത്.