വി ഹെൽപ്പ് ബ്ലഡ് ഡോണേഴ്‌സ് ഒമാൻ ബ്ലഡ് & പ്ലേറ്റ്ലറ്റ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
ക്യാമ്പിൽ 80 പേർ പങ്കെടുത്തു


മസ്കത്ത്: വി ഹെൽപ്പ് ബ്ലഡ് ഡോണേഴ്‌സ് ഒമാൻ ന്റെ നേതൃത്വത്തിൽ ബൗഷർ സെൻട്രൽ ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ച ബ്ലഡ് & പ്ലേറ്റ്ലറ്റ് ഡൊണേഷൻ ക്യാമ്പ് വലിയ വിജയമായി. ക്യാമ്പിൽ 80 പേർ പങ്കെടുത്തു. ഇവരിൽ 60 പേർ രക്തവും 10 പേർ പ്ലേറ്റ്ലറ്റും ദാനം ചെയ്തു. നിലവിൽ ഒമാനിൽ പ്ലേറ്റ്ലറ്റിന്റെ ക്ഷാമം അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ, സെൻട്രൽ ബ്ലഡ് ബാങ്ക് അധികാരികൾ പ്ലേറ്റ്ലറ്റ് ഡോണേഷനിലേക്ക് കൂടുതൽ ദാതാക്കളെ ആകർഷിക്കണമെന്ന ആഹ്വാനം ചെയ്തിരുന്നു . ഈ സാഹചര്യത്തിലാണ് ഈ ദൗത്യം ഏറ്റടുത്തതെന്ന് സംഘാടകർ അറിയിച്ചു. രണ്ട് പ്രാവശ്യം രക്തം ദാനം ചെയ്തവർക്ക് മാത്രമേ പ്ലേറ്റ്ലറ്റ് ഡൊണേഷൻ ചെയ്യാൻ കഴിയുകയുള്ളു. ഓരോ ഡൊണേഷനും 45 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ സമയം ആവശ്യമാണ്.
കാൻസർ സെന്ററിലും ഡെങ്കിപ്പനി ബാധിച്ചവരിലുമാണ് പ്ലേറ്റ്ലറ്റിന്റെ ഏറ്റവും കൂടുതൽ ആവശ്യമുള്ളത്. ഓരോ യൂണിറ്റ് പ്ലേറ്റ്ലറ്റും നാലു യൂണിറ്റ് രക്തത്തിന് തുല്യമാണെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്. ക്യാമ്പിൽ ശ്രീ ബാലകൃഷ്ണൻ വല്യാട്ട് നേതൃത്വം വഹിച്ചു. സമീർ ഫൈസൽ (നെസ്റ്റോ) അഫ്രീദ് (BEC), റിയാസ് (ലുലു) എന്നിവർ ദാതാക്കളോട് അഭിനന്ദനം അറിയിച്ചു. കൂടുതൽ പ്ലേറ്റ്ലറ്റ് ഡോണേഴ്സിനെ മുന്നോട്ട് കൊണ്ടുവരുക എന്നതാണ് ലക്ഷ്യമെന്ന് കോ ഓർഡിനേറ്റർമാരായ ജയശങ്കർ, യതീഷ് കുറുപ്പ്, സജിമോൻ എന്നിവർ പറഞ്ഞു. ക്യാമ്പിന്റെ വിജയത്തിനും, വമ്പിച്ച പങ്കാളിത്തത്തിനും ബൗഷർ സെൻട്രൽ ബ്ലഡ് ബാങ്ക് അധികൃതർ വി ഹെൽപ്പ് ബ്ലഡ് ഡോണേഴ്‌സ് ഒമാന്റെ പ്രവർത്തകർക്ക് അഭിനന്ദനം അറിയിച്ചു.