തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയ എയര്‍ ഇന്ത്യ വിമാനത്തിന്‍റെ തകരാര്‍ പരിഹരിച്ചു; വൈകിട്ട് പറന്നുയര്‍ന്നു
കോഴിക്കോട് നിന്ന് ദമാമിലേക്ക് ടേക്ക് ഓഫ് ചെയ്ത എയര്‍ ഇന്ത്യയുടെ ഐ.എക്സ് 385 വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കിയത്
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ കോഴിക്കോട്-ദമാം വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കി. പന്ത്രണ്ടേകാലിന് തിരുവനന്തപുരത്ത് ഇറക്കിയ വിമാനം തകരാര്‍ പരിഹരിച്ച് വൈകിട്ടാണ് ദമാമിലേക്ക് പുറപ്പെട്ടത്. രാത്രി എട്ട് മണിയോടെ വിമാനം ദമ്മാമിലെത്തി.
രാവിലെ ഒമ്പതേ മുക്കാലിന് കോഴിക്കോട് നിന്ന് ദമാമിലേക്ക് ടേക്ക് ഓഫ് ചെയ്ത എയര്‍ ഇന്ത്യയുടെ ഐ.എക്സ് 385 വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് തിരുവനന്തപുരത്ത് ഇറക്കിയത്. വിമാനത്തിന്‍റെ പിന്‍ഭാഗം ടേക്ക് ഓഫിനിടെ റണ്‍വേയില്‍ ഇടിച്ചതാണ് സാങ്കേതിക തകരാറിന് കാരണം. ഇതോടെ ദമാമിലേക്കുള്ള യാത്ര ഒഴിവാക്കി വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചു. എയര്‍ ഇന്ത്യയുടെ ഹാങ്ങര്‍ യൂണിറ്റ് ഉള്ളതുകൊണ്ടാണ് വിമാനം അടിയന്തരമായി തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. പതിനൊന്നരയോടെ തിരുവനന്തപുരത്ത് എത്തിയ വിമാനം ലാന്‍ഡിങ്ങിന് ആവശ്യമുള്ള ഇന്ധനം നില നിര്‍ത്തിയ ശേഷം ബാക്കി ഒഴിവാക്കി. പിന്നാലെ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.
168 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. തിരുവനന്തപുരത്ത് എത്തിയ ശേഷം വിമാനത്തിലെ യാത്രക്കാരെ ട്രാന്‍സിറ്റ് ലോഞ്ചിലേക്ക് മാറ്റി. ഹാങ്ങര്‍ യൂണിറ്റിലേക്ക് മാറ്റിയ വിമാനം തകരാര്‍ പരിഹരിച്ച ശേഷം നാലരയോടെ ദമാമിലേക്ക് തിരിച്ചു. സാങ്കേതിക തകരാറിന് കാരണം പൈലറ്റിന്‍റെ വീഴ്ചയാണെന്ന് എയര്‍ ഇന്ത്യയുടെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്ന് മറ്റൊരു പൈലറ്റാണ് വിമാനം നിയന്ത്രിച്ചത്.