ഖത്തർ സർവകലാശാലയുടെ 46ാമത് ബിരുദ ദാന ചടങ്ങിൽ തിളങ്ങി മലയാളി
തൃശൂര്‍ സ്വദേശി അബ്ദുല്‍ ബാസിത് നൌഷാദാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയില്‍ നിന്ന് സ്വര്‍ണമെഡല്‍ ഏറ്റുവാങ്ങിയത്
ദോഹ: ഖത്തർ സർവകലാശാലയുടെ 46 ആമത് ബിരുദദാന ചടങ്ങിൽ തിളങ്ങി മലയാളി. തൃശൂര്‍ സ്വദേശി അബ്ദുല്‍ ബാസിത് നൌഷാദാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയില്‍ നിന്ന് സ്വര്‍ണമെഡല്‍ ഏറ്റുവാങ്ങിയത്. ഖത്തര്‍ സര്‍വകലാശാലയില്‍ നിന്നും ഉയര്‍ന്ന മാര്‍ക്കോടെ ബിരുദം പൂര്‍ത്തിയാക്കിയ 107 പേര്‍ക്കാണ് അമീര്‍ സ്വര്‍ണ മെഡല്‍ സമ്മാനിച്ചത്. ഇതില്‍ ഏക മലയാളിയാണ് തൃശൂർ കരുവന്നൂർ സ്വദേശിയായ ചേന്ദമംഗലത്ത് അബ്ദുൽ ബാസിത്.
ഹമദ് മെഡിക്കൽ കോർപറേഷനിൽ സീനിയർ ഫിനാൻസ് അക്കൗണ്ടന്റായ പിതാവ് നൗഷാദും ഹമദിൽ തന്നെ ജോലി ചെയ്യുന്ന ഉമ്മ ഷൈജയും സഹോദരി അദീബയും ഉൾപ്പെടെയുള്ളവരെ സാക്ഷിയാക്കിയാണ് ബാസിത് മെഡല്‍ ഏറ്റുവാങ്ങിയത്, ഖത്തറിൽ തന്നെ ജനിച്ച്, പഠിച്ചു വളർന്ന ബാസിത് എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ നിന്നായിരുന്നു സ്കൂൾ പഠനം പൂർത്തിയാക്കിയത്. പഠനത്തിനൊപ്പം ലോകകപ്പ് ഫുട്ബാൾ വേളയിൽ വളന്റിയർ കുപ്പായത്തിലുമുണ്ടായിരുന്നു ബാസിത്. സ്‍പെയിൻ ടീമിന്റെ സൂപ്പർ വൈസർ ഡ്യൂട്ടിയിലായിരുന്നു സേവനം.