തൊഴിലുടമയിൽ നിന്നും ഒളിച്ചോടി; ഖത്തറില്‍ 22 ഗാർഹികത്തൊഴിലാളികള്‍ അറസ്റ്റില്‍
ഏഷ്യൻ രാജ്യക്കാരായ വനിതാ തൊഴിലാളികളാണ് അറസ്റ്റിലായവർ.
തൊഴിലുടമയിൽ നിന്നും ഒളിച്ചോടിയ 22 ഗാർഹിക തൊഴിലാളികള്‍ ഖത്തറില്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സെർച്ച് ആന്‍ഡ് ഫോളോഅപ്പ് വിഭാഗമാണ് ഇവരെ പിടികൂടിയത്. ഏഷ്യൻ രാജ്യക്കാരായ വനിതാ തൊഴിലാളികളാണ് അറസ്റ്റിലായവർ.
ഖത്തറിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനയിലാണ് ഇത്രയുംപേര്‍ പിടിയിലായത്. തൊഴിലാളികൾക്കെതിരായ ഒളിച്ചോട്ടം സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വീട്ടുജോലിക്കാർ തങ്ങളുടെ സ്‌പോൺസർമാരുടെ വീട്ടിൽ നിന്ന് ഒളിച്ചോടി മറ്റൊരു തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്യുന്നത് ഖത്തറിൽ നിയമ വിരുദ്ധമാണ്. ഗാർഹിക തൊഴിലാളികൾ നിയമവിരുദ്ധമായ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത് ഒഴിവാക്കുന്നതിന്‍റെ ഭാഗം കൂടിയാണ് സെർച്ച് ആന്‍ഡ് ഫോളോഅപ്പ് വിഭാഗം പരിശോധന ഊർജിതമാക്കിയത്. തുടർ നിയമനടപടികളുടെ ഭാഗമായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.