വന്‍ വിജയമായി അദാഹി കാമ്പയിന്‍; 19 രാജ്യങ്ങളില്‍ ബലിമാംസമെത്തിച്ചു
വിവിധ രാജ്യങ്ങളില്‍ പുതുവസ്ത്രങ്ങളും നല്‍കി
ബലി പെരുന്നാളിനോടനുബന്ധിച്ച് ഖത്തർ റെഡ് ക്രസൻറ് ലോകത്തിന്റെ വിവിധഭാഗങ്ങളിലായി 60,000 പേര്‍ക്ക് ഭക്ഷണമെത്തിച്ചു. 19 രാജ്യങ്ങളിലെ പാവപ്പെട്ടവര്‍ക്കാണ് അദാഹി പദ്ധതിവഴി ബലിമാംസം എത്തിച്ചത്.
ബലിപെരുന്നാളിന് വിശ്വാസികൾ ബലി അറക്കുന്ന മൃഗങ്ങളുടെ മാംസം അർഹരായ വിഭാഗങ്ങളിലേക്ക് എത്തിക്കുന്ന പദ്ധതിയാണ് അദാഹി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിലെ ജനങ്ങൾക്കാണ് ഇങ്ങനെ ഭക്ഷണം എത്തിക്കുന്നത്. ദരിദ്ര വിഭാഗങ്ങൾ, യുദ്ധവും കലാപവും കാരണം കെടുതികൾ അനുഭവിക്കുന്നവർ, പ്രകൃതി ദുരന്തങ്ങളുടെ ഇരകൾ എന്നിവരിലേക്കാണ് ഇത്തവണ ബലിമാസം വിഹിതങ്ങൾ എത്തിച്ചത്.
ഖത്തറിലും, ആഫ്രിക്ക, ഏഷ്യൻ വൻകരകളിലെ 18 രാജ്യങ്ങളിലുമായി 60,000 പേർക്ക് ആഘോഷ ദിവസത്തിൻെറ വിഹിതം ഇത്തവണ വിതരണം ചെയ്തു. വടക്കൻ സിറയയിലെ അഭയാർഥി ക്യാമ്പുകൾ, ഗസ്സ, ജോർഡൻ, അൽബേനിയ, സോമാലിയ, ഇറാഖി കുർദിസ്താൻ, നൈജർ, കുറിഗ്രാം, ബംഗ്ലാദേശ്, സുഡാൻ തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാനമായും വിതരണം ചെയ്തത്.
ഇതിനു പുറമെ, പെരുന്നാളിന് മുന്നോടിയായി ആഘോഷവേളയിൽ അണിയാൻ പുതു വസ്ത്രങ്ങളും വിവിധ രാജ്യങ്ങളിൽ വിതരണം ചെയ്തു. യെമൻ,തുർക്കിയിലെ സിറിയൻ അഭയാർഥിക്യാമ്പ്, ഗസ്സ, ജോർഡൻ എന്നിവടങ്ങളിലെ കുട്ടികൾ ഉൾപ്പെടെയുള്ളവർക്കാണ് പുതു വസ്ത്രം നൽകിയത്.