വിമാനങ്ങള്‍ക്ക് കേടുപാട്: ഖത്തര്‍ എയര്‍വേസും എയര്‍ബസും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു
സമവായത്തിലെത്തിയതോടെ നിയമപോരാട്ടവും അവസാനിപ്പിക്കും
ദോഹ: ഖത്തര്‍ എയര്‍വേസും യൂറോപ്യന്‍ വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു. എയര്‍ബസില്‍ നിന്നും വാങ്ങിയ വിമാനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തത്. സമവായത്തിലെത്തിയതോടെ നിയമപോരാട്ടവും അവസാനിപ്പിക്കും.
ഖത്തര്‍ എയര്‍വേസ് എയര്‍ബസില്‍ നിന്നും വാങ്ങിയ എ 350 വിമാനത്തിന്‍റെ പുറം പാളിയിലെ തകരാറാണ് തര്‍ക്കത്തിന് അടിസ്ഥാനം. മിന്നല്‍ സംരക്ഷണ പാളിയിലെ പെയിന്‍റ് ഇളകിത്തുടങ്ങിയതോടെ വിമാനത്തിന്‍റെ സുരക്ഷയെ കുറിച്ച് ഖത്തര്‍ എയര്‍വേസ് സംശയങ്ങള്‍ ഉന്നയിച്ചു. 53 എയര്‍ബസ് വിമാനങ്ങളില്‍ 21 നും സമാന പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ എയര്‍ബസ് ഇക്കാര്യം മുഖവിലക്ക് എടുക്കാന്‍ തയ്യാറായില്ല. ഇതോടെ വിഷയം കോടതിയിലെത്തുകയായിരുന്നു.
ഇതിനിടയില്‍ എയര്‍ബസ് ഖത്തര്‍ എയര്‍വേസുമായുള്ള കരാര്‍ റദ്ദാക്കിയതായി അറിയിച്ചു. വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കുന്നതായി ഖത്തര്‍ എയര്‍വേസ് തര്‍ക്കം പരിഹരിച്ചതായുള്ള അറിയിപ്പില്‍ വ്യക്തമാക്കി. അതേ സമയം ഒത്തുതീര്‍പ്പിന്‍റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.