ഗസ്സയിൽ വെടിനിർത്തലുമായി ബന്ധപ്പെട്ടുള്ള ഭിന്നത ഐക്യരാഷ്ട്രസഭയെ തളർത്തിയെന്ന് അന്റോണിയോ ഗുട്ടെറസ്
യുദ്ധം അവസാനിപ്പിക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഖേദം പ്രകടിപ്പിച്ചു
ദോഹ: ഗസ്സയിൽ വെടിനിർത്തലുമായി ബന്ധപ്പെട്ടുള്ള ഭിന്നത ഐക്യരാഷ്ട്രസഭയെ തളർത്തിയെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. യുദ്ധം അവസാനിപ്പിക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയിൽ ഗുട്ടറസ് ഖേദം പ്രകടിപ്പിച്ചു. ഖത്തറിൽ ദോഹ ഫോറത്തിൽ സംസാരിക്കുകയായിരുന്നു ഗുട്ടറസ്.
ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുന്ന യു.എൻ രക്ഷാസമിതി പ്രമേയം അമേരിക്ക വീറ്റോ ചെയ്തതിന് പിന്നാലെയാണ് ഗുട്ടറസിന്റെ പരാമർശം. വെടിനിർത്തലിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് യു.എൻ ചാർട്ടറിലെ ആർട്ടിക്കിൾ 99ലെ പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു യോഗം വിളിച്ചത്.
ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന നിലപാടിൽ മാറ്റമില്ലെന്നും, ആവശ്യം തുടരുമെന്നും അദ്ദേഹം വിശദീകരിച്ചു. ഗസ്സയിലെ ഭിന്ന നിലപാട് ഐക്യരാഷ്ട്ര സംഘടനയെ തളർത്തിയിട്ടുണ്ട്. പ്രശ്‌നത്തിൽ കാര്യമായി ഇടപെടാനാവാത്തത് യു.എന്നിന്റെ അധികാരത്തെയും വിശ്വാസ്യതയെയും ദുർബലപ്പെടുത്തിയെന്നും ഗുട്ടറസ് ദോഹ ഫോറത്തിൽ പറഞ്ഞു.
വെടിനിർത്തലിനായി ശ്രമം തുടരുമെന്നും ഇസ്രായേൽ ആക്രമണം മധ്യസ്ഥ ശ്രമങ്ങൾ ദുഷ്‌കരമാക്കുന്നതായും ഖത്തർ പ്രധാനമന്ത്രി പറഞ്ഞു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയാണ് ഇരുപത്തിയൊന്നാമത് ദോഹ ഫോറം ഉദ്ഘാടനം ചെയ്തത്.