ഖത്തര്‍ ലോകകപ്പ്; ജര്‍മന്‍ ടീമിന്റെ ബേസ് ക്യാമ്പ് അല്‍ റുവൈസിലെ സുലാല്‍ വെല്‍നെസ് സെന്ററില്‍

അല്‍ഷമാല്‍ ക്ലബിന്റെ ഗ്രൗണ്ടാണ് ജര്‍മന്‍ ടീമിന്റെ പരിശീലന വേദി

Update: 2022-05-20 07:00 GMT
Advertising

ഖത്തര്‍ ലോകകപ്പില്‍ ജര്‍മന്‍ ടീമിന്റെ ബേസ് ക്യാമ്പില്‍ തീരുമാനമായി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 124 കിലോമീറ്റര്‍ മാറി ഖത്തറിന്റെ വടക്കന്‍ തീരത്ത്അല്‍ റുവൈസിലെ സുലാല്‍ വെല്‍നെസ് സെന്ററാണ് ടീം താമസത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. അല്‍ഷമാല്‍ ക്ലബിന്റെ ഗ്രൌണ്ടാണ് പരിശീലന വേദി. 

ലോകകപ്പിന്റെ തിരക്കുകളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും മാറി ശാന്തമായ അന്തരീക്ഷം ഉറപ്പാക്കാനാണിത്. ഈ വര്‍ഷം ഉദ്ഘാടനം ചെയ്ത സുലാല്‍ വെല്‍നെസ് റിസോര്‍ട്ട് ടീമിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉതകുന്നതാണെന്ന് ടീം ഡയരക്ടര്‍ ഒളിവര്‍ ബിയറോഫ് പറഞ്ഞു. നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് സുലാല്‍ ബേസ് ക്യാമ്പായി തെരഞ്ഞെടുത്തത്. അല്‍-ഷമാലിലെ മികച്ച പരിശീലന സൗകര്യങ്ങളും തങ്ങളെ ആകര്‍ഷിച്ചതായി ബിയറോഫ് പറഞ്ഞു. ലോകകപ്പിന് നേരത്തെ തന്നെ യോഗ്യത നേടിയത് മികച്ച ബേസ് ക്യാമ്പ് തെരയാനും തെരഞ്ഞെടുക്കാനും സഹായിച്ചതായി കോച്ച് ഹാന്‍സി ഫ്‌ളിക്ക് വ്യക്തമാക്കി.

ഖത്തറിലെത്തും മുന്‍പ് യുവേഫ നേഷന്‍സ് ലീഗില്‍ ഇംഗ്ലണ്ട്, ഇറ്റലി, ഹംഗറി ടീമുകളുമായി ജര്‍മനിക്ക് മത്സരമുണ്ട്. ഇത് മുന്നൊരുക്കങ്ങളെ സഹായിക്കുമെന്നും കോച്ച് വ്യക്തമാക്കി. ലോകകപ്പ് കിക്കോഫിന് നാല് ദിവസം മുന്‍പ്, നവംബര്‍ 17നാണ് ജര്‍മന്‍ ടീം ഖത്തറിലെത്തുക. ഗ്രൂപ്പ് ഇയില്‍ സ്‌പെയിന്‍, ജപ്പാന്‍, ടീമുകളും ന്യൂസിലന്റ്-കോസ്റ്റാറിക്ക മത്സരത്തിലെ വിജയികളുമാണ് ജര്‍മനിയുടെ എതിരാളികള്‍.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News