ദോഹ ഡയമണ്ട് ലീഗ്: സുവർണ നേട്ടത്തോടെ സീസണിന് തുടക്കമിടാനൊരുങ്ങി നീരജ് ചോപ്ര
ജാവലിൻ എറിയുന്ന പോലെ പന്തെറിയാനുള്ള നിയമം ഉണ്ടായാൽ താൻ ഐപിഎല്ലിൽ കളിക്കുമെന്നു ഇന്ത്യൻ താരം
ദോഹ: സുവർണ നേട്ടത്തോടെ സീസണിന് തുടക്കമിടാനൊരുങ്ങി ഇന്ത്യയുടെ ജാവലിൻ ഹീറോ നീരജ് ചോപ്ര. നാളെ നടക്കുന്ന ദോഹ ഡയമണ്ട് ലീഗിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഇന്ത്യൻ താരം. സൂപ്പർ താരങ്ങളുടെ നീണ്ട നിരയുമായാണ് ഇത്തവണ ദോഹയിൽ ട്രാക്കും ഫീൽഡും ഉണരുന്നത്. ട്രാക്കിനെ തീപിടിപ്പിക്കാൻ ഷെരിഖ ജാക്‌സൺ, ഡിന ആഷർ സ്മിത്ത്, ആന്ദ്രെ ഡി ഗ്രാസ് തുടങ്ങിയ പ്രമുഖരെല്ലാം എത്തുന്നുണ്ട്.
ലോക അത്‌ലറ്റിക് മീറ്റ് നടക്കുന്ന വർഷമെന്ന നിലയിൽ പ്രതീക്ഷയോടെയാണ് നീരജ് അടക്കമുള്ള താരങ്ങൾ ദോഹയിലെ പോരാട്ടത്തെ കാണുന്നത്. തന്റെ സ്വർണനേട്ടത്തിന് ശേഷം ഇന്ത്യയിൽ ജാവലിൻ ത്രോ അടക്കമുള്ള മത്സര ഇനങ്ങൾക്ക് പ്രിയം കൂടിയതായി നീരജ് ചോപ്ര പറഞ്ഞു, ക്രിക്കറ്റ് ജനകീയമായ ഇന്ത്യയിൽ
ഇന്ത്യൻ ബൗളർമാർ വളരെ വേഗത്തിൽ കൈ ചലിപ്പിക്കുന്നുവെന്നും ജാവലിനും വേഗമുള്ള കൈകളാണ് വേണ്ടതെന്നും അതൊരു പ്ലസ് പോയിന്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാവിയിൽ കൂടുതൽ ജാവലിൻ താരങ്ങളുണ്ടാകുമെന്നും മറ്റു അത്‌ലറ്റിക് മേഖലകളിലും മികച്ച താരങ്ങൾ വരുന്നുണ്ടെന്നും താരം ചൂണ്ടിക്കാട്ടി. ക്രിക്കറ്റും ജാവലിനും തമ്മിലുള്ള ബന്ധം നീരജ് രസകരമായി അവതരിപ്പിച്ചതോടെ ഐപിഎല്ലിൽ നോട്ടമുണ്ടോയെന്നായി മാധ്യമപ്രവർത്തകരുടെ ചോദ്യം. ജാവലിൻ എറിയുന്ന പോലെ പന്തെറിയാനുള്ള നിയമം ഉണ്ടായാൽ താൻ ഐപിഎല്ലിൽ കളിക്കുമെന്നായിരുന്നു മറുപടി. നാളെ വൈകിട്ട് ഖത്തർ സ്‌പോർട്‌സ് ക്ലബിലാണ് ഡയമണ്ട് ലീഗ് മത്സരങ്ങൾ നടക്കുന്നത്. 14 ഇനങ്ങളിലാണ് പോരാട്ടം.
മികച്ച ദൂരം കുറിച്ച് സീസൺ തുടങ്ങുകയാണ് ലക്ഷ്യമെന്ന് ദോഹ ഡയമണ്ട് ലീഗിലെ ഏക മലയാളി സാന്നിധ്യമായ എൽദോസ് പോൾ പറഞ്ഞു. കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയതിന്റെ ആവേശത്തിലാണ് എൽദോസ്. ലോക അത്‌ലറ്റിക് മീറ്റും ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പുമാണ് ഈ വർഷം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതെന്നും എൽദോസ് പോൾ ദോഹയിൽ മീഡിയവണിനോട് പറഞ്ഞു.
Neeraj Chopra wants to start the season with a golden achievement in the Doha Diamond League