ഖത്തറിൽ കെട്ടിടം തകർന്ന് മരിച്ച മലയാളികളുടെ എണ്ണം നാലായി; മരിച്ചത് ആറ് ഇന്ത്യക്കാർ
പൊന്നാനി സ്വദേശി അബു ടി മാമ്മദൂട്ടി (45) യുടെ മൃതദേഹമാണ് ഒടുവിൽ തിരിച്ചറിഞ്ഞത്.
ദോഹ: ഖത്തറിലെ അൽ മൻസൂറയിൽ ബുധനാഴ്ച കെട്ടിടം തകർന്നു വീണ് മരിച്ച മലയാളികളുടെ എണ്ണം നാലായി. പൊന്നാനി സ്വദേശി അബു ടി മാമ്മദൂട്ടി (45) യുടെ മൃതദേഹമാണ് ഒടുവിൽ തിരിച്ചറിഞ്ഞത്. പൊന്നാനി പൊലീസ് സ്റ്റേഷനരികെ സലഫി മസ്ജിദിന് സമീപം തച്ചാറിന്റെ വീട്ടിൽ മാമ്മദൂട്ടിയുടെയും ആമിനയുടെയും മകനാണ്. ഭാര്യ: രഹ്ന. മക്കൾ റിഥാൻ (9), റിനാൻ (7).
കാസർകോട് ഷിരിഭാഗിലു സ്വദേശി മുഹമ്മദ് അഷ്റഫ്, പൊന്നാനിക്കടുത്ത് മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണറയിൽ, നിലമ്പൂർ ചന്തക്കുന്ന് സ്വദേശി മുഹമ്മദ് ഫൈസൽ എന്നിവരാണ് മരിച്ച മറ്റു മലയാളികൾ. ഇതോടെ അപകടത്തിൽ ജീവൻ നഷ്ടമായ ഇന്ത്യക്കാരുടെ എണ്ണം ആറായി.
ബി റിങ് റോഡ് ലുലു എക്‌സ്പ്രസിന് പിന്‍വശമുള്ള പഴകിയ കെട്ടിടമാണ് ബുധനാഴ്ച രാവിലെ എട്ടരയോടെ തകര്‍ന്നുവീണത്. കുറച്ചു പഴക്കമുള്ള കെട്ടിടം മറ്റൊരു കെട്ടിടത്തിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. രണ്ട് സ്ത്രീകളെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ജീവനോടെ രക്ഷിക്കുകയുണ്ടായി. ഇവര്‍ ചികിത്സയിലാണ്. കെട്ടിടത്തില്‍ താമസിച്ചിരുന്ന 12 കുടുംബങ്ങളെ ഒരു ഹോട്ടലിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു.