ഖത്തർ എയർവേസ് വഴി ഹജ്ജ്, ഉംറ: തീർഥാടകർക്ക് വിമാനത്താവളത്തിന് പുറത്ത് ചെക്ക് ഇൻ സൗകര്യം

സൗദി ഗ്രൗണ്ട് സർവീസുമായി കരാറിൽ ഒപ്പുവെച്ചു

Update: 2025-03-01 17:12 GMT
Advertising

ദോഹ: ഖത്തർ എയർവേസ് വഴി ഹജ്ജ്, ഉംറ നിർവഹിക്കാനെത്തുന്ന തീർഥാടകർക്ക് വിമാനത്താവളത്തിന് പുറത്ത് ചെക്ക് ഇൻ സൗകര്യവുമായി വിമാനക്കമ്പനി. ഇതു സംബന്ധിച്ച് സൗദി ഗ്രൗണ്ട് സർവീസുമായി കരാറിൽ ഒപ്പുവെച്ചു. യാത്രക്കാർക്ക് മക്ക ക്ലോക്ക് ടവറിലെ ഫെയർമൗണ്ട് ഹോട്ടലിലെത്തിയാണ് പുതിയ ഓഫ് എയർപോർട്ട് ചെക്ക്-ഇൻ സേവനം പ്രയോജനപ്പെടുത്താനാകുക.

തീർഥാടകർക്ക് ചെക്ക്-ഇൻ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാനും ബോർഡിംഗ് പാസുകൾ വിമാനത്താവളത്തിലെത്തും മുമ്പ് തന്നെ നേടാനും കഴിയും. ഇത് വിമാനത്താവളത്തിലെ കാത്തിരിപ്പ് സമയം കുറക്കാനും തീർഥാടകർക്ക് ഹജ്ജ്, ഉംറ കർമങ്ങളിലും പ്രാർത്ഥനകളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരം ഒരുക്കും. മക്കയിൽ വെച്ച് ചെക്ക് ഇൻ പൂർത്തിയാക്കി വിമാനം പുറപ്പെടാനുള്ള സമയം കണക്കിലെടുത്ത് ജിദ്ദ വിമാനത്താവളത്തിലേക്ക് നീങ്ങിയാൽ മതി.

ഹജ്ജ്, ഉംറ തീർഥാടനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞും തീർഥാടകർക്ക് അവരുടെ യാത്രാ അനുഭവം വർധിപ്പിക്കുന്നതിനുമുള്ള ഖത്തർ എയർവേയ്സിന്റെ ശ്രമങ്ങളുടെ ഭാഗമാണ് മക്കയിലെ ഓഫ്-എയർപോർട്ട് ചെക്ക്-ഇൻ സേവനമെന്ന് ഗ്രൂപ്പ് സി.ഇ.ഒ എഞ്ചി. ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News