ഒമിക്രോൺ: യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കി ഖത്തർ
ദക്ഷിണാഫ്രിക്കയുള്‍പ്പെടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. എട്ട് ആഫ്രിക്കന്‍ രാജ്യങ്ങളെ കൂടി എക്സപ്ഷണല്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.
കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്‍റെ പശ്ചാത്തലത്തില്‍ ഖത്തറും യാത്രാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ദക്ഷിണാഫ്രിക്കയുള്‍പ്പെടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. എട്ട് ആഫ്രിക്കന്‍ രാജ്യങ്ങളെ കൂടി എക്സപ്ഷണല്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.
ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഖത്തര്‍ എയര്‍വേയ്സ് യാത്രാവിലക്കേര്‍പ്പെടുത്തിയത്. ഖത്തര്‍ എയര്‍വേയ്സിന്‍റെ ഒരു വിമാനങ്ങളിലും ഈ രാജ്യങ്ങളില്‍ നിന്നുള്ളവരെ പ്രവേശിപ്പിക്കില്ലെന്നാണ് അറിയിപ്പ്. പുതിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ഖത്തര്‍ എയര്‍വേയ്സ് ഹോട്ട്ലൈന്‍ നമ്പറില്‍ വിളിക്കാവുന്നതാണ്. അതിനിടെ എട്ട് ആഫ്രിക്കന്‍ രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി ഖത്തറിന്‍റെ കോവിഡ് അതിതീവ്രബാധിത രാജ്യങ്ങളുടെ പട്ടിക വികസിപ്പിച്ചു.
ദക്ഷിണാഫ്രിക്ക, തെക്കന്‍ സുഡാന്‍, സുഡാന്‍, സിംബാബ്‌വെ, നമീബിയ, ലെസോത്തോ, ഐശ്വതിനി, ബോട്സ്വാന, തുടങ്ങി രാജ്യങ്ങളെയാണ് എക്സപ്ഷണല്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യയുള്‍പ്പെടെ ആറ് ഏഷ്യന്‍ രാജ്യങ്ങളും ഈ ലിസ്റ്റില്‍ തന്നെയാണുള്ളത്. ഈ ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
വാക്സിനെടുത്തവരാണെങ്കില്‍ രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈനും അല്ലെങ്കില്‍ ഏഴ് ദിവസത്തെ ക്വാറന്‍റൈനും നിര്‍ബന്ധമാണ്. അതിനിടെ രാജ്യത്ത് ഇന്ന് 155 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 140 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം പകര്‍ന്നപ്പോള്‍ 15 പേര്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്.