പെരുന്നാൾ പണം പിൻവലിക്കാൻ ഈദിയ്യ എ.ടി.എം സേവനം ആരംഭിച്ച് ഖത്തർ സെൻട്രൽ ബാങ്ക്
വിവിധ ഭാഗങ്ങളില്‍ ഈദിയ്യ എ.ടി.എമ്മുകൾ പ്രവർത്തിച്ചു തുടങ്ങി


ദോഹ: ഖത്തറിൽ പെരുന്നാൾ പണം പിൻവലിക്കാൻ ഈദിയ്യ എ.ടി.എം സേവനം ആരംഭിച്ച് ഖത്തർ സെൻട്രൽ ബാങ്ക്. കുട്ടികള്‍ക്ക് പെരുന്നാള്‍ പണം നല്‍കുന്നതിന് ആവശ്യമായ ചെറിയ സംഖ്യയുടെ കറൻസികൾ ലഭ്യമാക്കുന്നതിനാണ് ഖത്തർ സെൻട്രൽ ബാങ്ക് ഈദിയ്യ എ.ടി.എമ്മുകൾ സ്ഥാപിച്ചത്. അഞ്ച്, പത്ത്, 50,100 റിയാലുകളുടെ കറൻസികൾ ഈദിയ്യ എ.ടി.എമ്മുകളിലൂടെ പിൻവലിക്കാം. വെൻഡോം മാൾ, മാൾ ഓഫ് ഖത്തർ, അൽ വക്റ ഓൾഡ് സൂഖ്, ദോഹ ഫെസ്റ്റവില സിറ്റി, അൽ ഹസം മാൾ, അൽ മിർഖാബ് മാൾ, വെസ്റ്റ് വാക്, അൽ ഖോർ മാൾ, അൽ മീര മുഐതർ, അൽ മീര തുമാമ എന്നിവടങ്ങളിൽ ഈദിയ്യ എ.ടി.എമ്മുകൾ സ്ഥാപിച്ചിട്ടുണ്ട്. പെരുന്നാൾ വേളയിൽ കുട്ടികൾക്ക് പെരുന്നാൾ സമ്മാനമായി പണം നൽകുകയെന്ന പതിവ് സ്വദേശികൾക്കും താമസക്കാർക്കുമിടയിലുണ്ട്. ഇതിനുള്ള സൗകര്യമായാണ് എല്ലാ പെരുന്നാളിനും ക്യൂ.സി.ബി ഈദിയ്യ എ.ടി.എം സ്ഥാപിക്കുന്നത്.