കഴിഞ്ഞ വർഷം ഖത്തർ ചാരിറ്റി എത്തിച്ചത് 3600 കോടിയിലേറെ രൂപയുടെ സഹായം
70 രാജ്യങ്ങളിലെ 2.2 കോടിയിലേറെ മനുഷ്യർക്കാണ് ഖത്തർ ചാരിറ്റി സഹായമെത്തിച്ചത്
ദോഹ: കഴിഞ്ഞ വർഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഖത്തർ ചാരിറ്റി എത്തിച്ചത് 3600 കോടിയിലേറെ രൂപയുടെ സഹായം. 70 രാജ്യങ്ങളിലെ 2.2 കോടിയിലേറെ മനുഷ്യർക്കാണ് ഖത്തർ ചാരിറ്റി സഹായമെത്തിച്ചത്. ഗസ്സയുൾപ്പെടെയുള്ള സംഘർഷ മേഖലകളിലും ദുരന്ത ബാധിത മേഖലകളിലും കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന മനുഷ്യരിലേക്കുമാണ് ഖത്തർ ചാരിറ്റി സഹായമെത്തിച്ചത്.
ദുരിത ബാധിത പ്രദേശങ്ങളില മാനുഷിക ഇടപെടലുകളും പദ്ധതികളുമായി ഏകദേശം 5.28 കോടി റിയാലാണ് ഖത്തർ ചാരിറ്റി ചെലവഴിച്ചത്. ഇതിലൂടെ മാത്രം ഒരു കോടി പത്ത് ലക്ഷം പേരിലേക്ക് സഹായമെത്തി. ഗസ്സ, സിറിയ, സുഡാൻ, യെമൻ, ലെബനാൻ, അഫ്ഗാനിസ്ഥാൻ, റോഹിങ്ക്യൻ, സൊമാലിയ, തുർക്കി എന്നിവിടങ്ങളിലാണ് പ്രധാനമായും സഹായമെത്തിച്ചത്. അനാഥരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും സഹായിക്കുന്നതിനുള്ള പദ്ധതികൾ കഴിഞ്ഞ വർഷവുമുണ്ടായി.
റുഫഖാ എന്ന പേരിൽ നടത്തുന്ന പദ്ധതി വഴി ആരോഗ്യം, വിദ്യാഭ്യാസം, മാനസിക പിന്തുണ, ശാക്തീകരണം തുടങ്ങിയ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളാണ് നടത്തുന്നത്. അനാഥർ, നിർധനരായ കുടുംബങ്ങൾ, ഭിന്നശേഷിക്കാർ, വിദ്യാർഥികൾ, അധ്യാപകർ തുടങ്ങിയവർക്ക് റുഫഖാ സംരംഭത്തിലൂടെ പ്രതിമാസ സാമ്പത്തിക സഹായം നൽകി വരുന്നു. ടൗൺഷിപ്പുകൾ ഉൾപ്പെടെ 70 രാജ്യങ്ങളിലായി നടപ്പാക്കിയ പദ്ധതികൾക്ക് 157 കോടി ഖത്തർ റിയാൽ ഏതാണ്ട് 3600 കോടിയിലേറെ ഇന്ത്യൻ രൂപയാണ് ചെലവിട്ടത്.