18 കൂറ്റൻ എൽ.എൻ.ജി കപ്പലുകളുടെ നിർമാണത്തിന് ഖത്തർ-ചൈന കരാർ

ഖത്തർ ഊർജ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ഷെരിദ അൽ കഅബിയും ഹുഡോങ് ഗ്രൂപ്പ് പ്രതിനിധികളും കരാറിൽ ഒപ്പുവെച്ചു.

Update: 2024-04-29 17:04 GMT
Editor : Thameem CP | By : Web Desk
Advertising

ദോഹ: ദ്രവീകൃത പ്രകൃതിവാതക നീക്കത്തിനാവശ്യമായ കൂറ്റൻ എൽ.എൻ.ജി കപ്പലുകളുടെ നിർമാണത്തിന് ഖത്തർ-ചൈന കരാറായി. ചൈന സ്റ്റേറ്റ് ഷിപ്പ്ബിൽഡിങ് കോർപറേഷനുമായി 18 അത്യാധുനിക ക്യൂ.സി മാക്‌സ് സൈസ് എൽ.എൻ.ജി കപ്പലുകളുടെ നിർമാണത്തിനാണ് ഒപ്പുവെച്ചത്. 18 കപ്പലുകളാണ് ഖത്തർ എനർജിക്കായി ചൈന നിർമിച്ചുനൽകുക. 600 കോടി ഡോളറാണ് കരാർ തുക. 2.71 ലക്ഷം ക്യൂബിക് മീറ്ററാണ് കപ്പലിന്റെ ശേഷി. ആദ്യ എട്ട് കപ്പലുകൾ 2028-29ലും, ശേഷിച്ച പത്ത് കപ്പലുകൾ 2030-31 വർഷങ്ങളിലുമായി ചൈന കൈമാറും.

ഖത്തർ ഊർജ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ഷെരിദ അൽ കഅബിയും ഹുഡോങ് ഗ്രൂപ്പ് പ്രതിനിധികളും കരാറിൽ ഒപ്പുവെച്ചു. പ്രകൃതി വാതക വ്യവസായ ചരിത്രത്തിലെ ഏറ്റവും വലിയ കപ്പൽ നിർമാണ കരാറിനാണ് ഖത്തർ എനർജിയും ചൈനീസ് കമ്പനിയും തമ്മിൽ ഒപ്പുവെച്ചതെന്ന് സഅദ് ഷെരിദ അൽ കഅബി പറഞ്ഞു.

നിലവിൽ ഇതേ ചൈനീസ് കമ്പനിയിൽ ഖത്തറിനാവശ്യമായ 12 സാധാരണ വലിപ്പത്തിലെ കപ്പലുകളുടെ നിർമാണം നടക്കുന്നുണ്ട്. ആദ്യ ബാച്ച് ഈ വർഷം ഖത്തറിലെത്തും. ഖത്തറിന്റെ പ്രധാന എൽ.എൻ.ജി ഉപഭോക്താക്കൾ കൂടിയാണ് ചൈന. 2023ൽ 17 ദശലക്ഷം ടൺ എൽ.എൻ.ജിയാണ് ചൈന ഖത്തറിൽ നിന്നും ഇറക്കുമതി ചെയ്തത്.

എൽ.എൻ.ജി ഉൽപാദനത്തിൽ 2030 ഓടെ വൻ കുതിച്ചു ചാട്ടമാണ് ഖത്തർ ലക്ഷ്യമിടുന്നത്. ഉൽപാദനം ഏതാണ്ട് ഇരട്ടിയായി

വർധിച്ച് 142 ദശലക്ഷം ടണിലെത്തും. ഈ സാഹചര്യത്തിലാണ് എൽ.എൻ.ജി നീക്കത്തിനുള്ള സൗകര്യങ്ങളും വിപുലമാക്കുന്നത്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News