തുര്‍ക്കിയില്‍ അമേരിക്ക-അഫ്ഗാന്‍ കൂടിക്കാഴ്ച; ഡിപ്ലോമസി ഫോറത്തിനിടെ ഖത്തറാണ് ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തത്
താലിബാന്‍ അധികാരം പിടിച്ചതിന് ശേഷം അമേരിക്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച കൂടിയാണിത്
തുര്‍ക്കിയിലെ അന്റാലയില്‍ നടക്കുന്ന ഡിപ്ലോമസി ഫോറത്തിനിടെ അമേരിക്കയും അഫ്ഗാനും തമ്മില്‍ ചര്‍ച്ച നടന്നു.ഖത്തര്‍ ഉപ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍താനിയാണ് കൂടിക്കാഴ്ചയ്ക്ക് മുന്‍കൈയെടുത്തത്. അഫ്ഗാനിസ്ഥാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്തഖി, അമേരിക്കയുടെ അഫ്ഗാന്‍ പ്രത്യേക പ്രതിനിധി തോമസ് വെസ്റ്റ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
താലിബാന്‍ അധികാരം പിടിച്ചതിന് ശേഷം അമേരിക്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച കൂടിയാണിത്. അഫ്ഗാനിസ്ഥാനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പൗരന്‍മാരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. അഫ്ഗാനിസ്ഥാനില്‍ അധികാരക്കൈമാറ്റത്തിനുമുന്‍പും അമേരിക്ക-താലിബാന്‍ ചര്‍ച്ചയ്ക്ക് ഖത്തര്‍ മധ്യസ്ഥത വഹിച്ചിരുന്നു.
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍, വിവിധ രാഷ്ട്ര നേതാക്കള്‍ എന്നിവരുമായും ഖത്തര്‍ വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നയതന്ത്ര വിദഗ്ധരും രാഷ്ട്രീയ നേതാക്കളും ബിസിനസുകാരും സാമ്പത്തിക വിദഗ്ധരുമടക്കം രണ്ടായിരത്തിലേറെ പ്രതിനിധികളാണ് അന്റാറ ഡിപ്ലോമസി ഫോറത്തില്‍ പങ്കെടുക്കുന്നത്.