ദക്ഷിണ കൊറിയയിലെ ഗ്വാങ്ഷു ബിനാലെയിൽ പവലിയൻ ഒരുക്കാൻ ഖത്തർ മ്യൂസിയം
സെപ്റ്റംബർ ഏഴിന് ആരംഭിക്കുന്ന ബിനാലെയിലെ ഏക അറബ് സാന്നിധ്യമാണ് ഖത്തറിന്റേത്.
Update: 2024-08-30 17:15 GMT
ദോഹ: ദക്ഷിണ കൊറിയയിലെ ഗ്വാങ്ഷു ബിനാലെയുടെ പതിനഞ്ചാമത് എഡിഷനിൽ പവലിയൻ ഒരുക്കാൻ ഖത്തർ മ്യൂസിയം. സെപ്റ്റംബർ ഏഴിന് ആരംഭിക്കുന്ന ബിനാലെയിലെ ഏക അറബ് സാന്നിധ്യമാണ് ഖത്തറിന്റേത്. ദക്ഷിണ കൊറിയയിലെ ശ്രദ്ധേയമായ ബിനാലെയിൽ ഇതാദ്യമായാണ് ഖത്തർ പങ്കെടുക്കുന്നത്. 'നോക്ക്, റെയിൻ, നോക്ക്' എന്ന പ്രമേയത്തിലാണ് ഖത്തറിന്റെ ഇൻസ്റ്റലേഷൻ.
ഖത്തറിൽ നിന്നുള്ള ഏഴ് കലാകാരന്മാർ ചേർന്നാണ് പവലിയൻ ഒരുക്കുന്നത്. സെപ്തംബർ ഏഴ് മുതൽ ഡിസംബർ ഒന്ന് വരെ ഗ്വാങ്ഷു ബാങ്ക് ആർട്ട് ഹാളിൽ ഖത്തർ പവലിയനിൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും. കൊടിയ വരൾച്ചയിൽ മഴക്ക് വേണ്ടി നടത്തുന്ന പ്രാർഥനയാണ് ഖത്തറിന്റെ പ്രമേയം. അറബ്, ഇസ്ലാമിക സ്വത്വം, വെള്ളം, പൊതു ഇടങ്ങളിലെ സാമുദായിക ഇടപഴകലും അനുഭവങ്ങളും എന്നിവ കലാസൃഷ്ടികളിലൂടെ അവതരിപ്പിക്കും.