ഖത്തര്‍ യാത്രക്കാര്‍ കൈയിലുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും അധികാരികളെ അറിയിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി
കര-വ്യോമ-ജല ഗതാഗതമടക്കം രാജ്യത്തിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും ഇത് ബാധകമായിരിക്കും
ഖത്തറിലേക്ക് വരുന്നവരും പുറത്തേക്ക് യാത്രചെയ്യുന്നവരും കൈയ്യിലുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും അധികാരികളെ അറിയിക്കണമെന്ന് നിര്‍ദേശം. ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
50,000 റിയാലില്‍ അധികം കറന്‍സിയോ, വിദേശ കറന്‍സിയോ സ്വര്‍ണം, വജ്രം ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള മറ്റു വസ്തുക്കള്‍ എന്നിവ യാത്രാ സമയത്ത് കൈവശമുണ്ടെങ്കില്‍ ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കണം. ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പും ഖത്തറില്‍ നിന്നും പുറപ്പെടുന്നതിനു മുന്‍പും ഇക്കാര്യം ഉറപ്പുവരുത്തണമെന്നാണ് വിമാനക്കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദേശം. ഖത്തര്‍ കസ്റ്റംസ് ജനറല്‍ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായിരിക്കണം ഇത്.
കര-വ്യോമ-ജല ഗതാഗതമടക്കം രാജ്യത്തിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും ഇത് ബാധകമായിരിക്കും. അതേസമയം, തെറ്റായ വിവരങ്ങള്‍ നല്‍കിയാലോ വിവരങ്ങള്‍ നല്‍കാതിരിക്കുകയോ ചെയ്യുന്നവര്‍ കര്‍ശന നടപടിക്ക് വിധേയരാകേണ്ടിവരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കസ്റ്റംസ് ഡിക്ലറേഷന്‍ ഫോമുകള്‍ പുറപ്പെടല്‍, ആഗമന കേന്ദ്രങ്ങളിലെ പ്രത്യേക കൗണ്ടറുകളില്‍ ലഭ്യമായിരിക്കും.