മാർച്ചിൽ ഖത്തര്‍ സന്നാഹ മത്സരങ്ങളിലേക്ക്
- ലോകകപ്പ് സന്നാഹമായി ബൾഗേറിയ, സ്ലൊവേനിയ ടീമുകളെ നേരിടും
- ക്രൊയേഷ്യയും ഖത്തറിലേക്ക്
ദോഹ: വർഷാവസാനത്തിൽ സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പിന് പടപ്പുറപ്പാടുമായി ഖത്തർ ഫുട്ബാൾ ടീം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ യോഗ്യതാ റൗണ്ട് മത്സരങ്ങൾ സജീവമാകുമ്പോൾ അടുത്ത മാസം സ്വന്തം മണ്ണിൽ തന്നെ രണ്ട് മത്സരങ്ങൾ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫെലിക്സ് സാഞ്ചസിന്‍റെയും ഹസ്സൻഹൈദോസിന്‍റെയും സംഘം. ബൾഗേറിയ, സ്ലൊവേനിയ ദേശീയ ടീമുകൾക്കെതിരെയാണ് സൗഹൃദ മത്സരങ്ങൾ. ഖത്തർ ഫുട്ബാൾ അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്.മാർച്ച് 26ന് ബൾഗേറിയക്കെതിരെയാണ് ആദ്യ കളി. 29ന് സ്ലൊവേനിയയെ നേരിടും.
അറബ് മണ്ണിൽ ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ. ഡിസംബർ 18ന് അവസാനിച്ച ഫിഫ അറബ് കപ്പും കഴിഞ്ഞ് ടീം അംഗങ്ങൾ ലീഗ്മത്സരങ്ങളിലേക്ക് സജീവമാവുകയായിരുന്നു. മാർച്ച് പകുതിയോടെ ലീഗ് സീസണിന് സമാപനമാവുന്നതിനു പിന്നാലെ ദേശീയ ടീമിന്‍റെ തിരക്കേറിയ സീസണുകൾക്കായിരിക്കും തുടക്കമാവുന്നത്. മാർച്ച് 17നാണ് ഖത്തർ സ്റ്റാർസ് ലീഗിലെ അവസാന അങ്കങ്ങൾ.
സൗഹൃ മത്സരങ്ങളുടെ വേദികൾ ഏതെന്ന് തീരുമാനിച്ചിട്ടില്ല. മാർച്ചിൽ തന്നെ ഇവാൻ പെരിസിച്ചിന്‍റെയും ലൂകാ മോഡ്രിച്ചിന്‍റെയും ക്രൊയേഷ്യ ഖത്തറിൽ കളിക്കാനെത്തുന്നുണ്ട്. എന്നാൽ, ആതിഥേയർക്കെതിരെ ഇവരുടെ മത്സരമില്ല. ക്രൊയേഷ്യ 26ന് സ്ലൊവേനിയയെയും, 29ന് ബൾഗേറിയയെയും നേരിടും.
ഈ വർഷം നടക്കുന്ന ലോകകപ്പും, അടുത്ത വർഷം ചൈനയിൽ നടക്കുന്ന ഏഷ്യാകപ്പുമാണ് ഖത്തറിന് മുന്നിലുള്ള വലിയ രണ്ട് പോരാട്ടങ്ങൾ. നിലവിലെ ഏഷ്യൻ ചാമ്പ്യന്മാർ എന്ന നിലയിൽ കിരീടം നിലനിർത്തുകയാണ് ലക്ഷ്യം. ലോകകപ്പിൽ ഗ്രൂപ്പ് റൗണ്ടിലെ വെല്ലുവിളി മറികടന്ന് കുതിക്കുകയും പ്രധാനമാണ്. ഫിഫ അറബ് കപ്പിൽ സെമിയിൽ പുറത്തായെങ്കിലും മൂന്നാം സ്ഥാനക്കാരായിരുന്നു ഖത്തർ. നിലവിൽ ഫിഫ റാങ്കിങ്ങിൽ 48ാം സ്ഥാനക്കാർ. സ്ളൊവേനിയ 65ഉം, ബൾഗേറിയ 71ഉം സ്ഥാനത്താണ്.